വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുള്ള പരമാവധി പേരുടെ എണ്ണം വർധിപ്പിക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം എടുത്തിട്ടുള്ള ഈ തീരുമാനം മന്ത്രാലയം ഡിസംബർ 17-ന് രാത്രിയാണ് അറിയിച്ചത്.
പുതിയ തീരുമാനപ്രകാരം തുറന്ന ഇടങ്ങളിലെ വേദികളിൽ സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങുകളിൽ പരമാവധി 120 പേർക്ക് വരെ പങ്കെടുക്കാവുന്നതാണ്. ഹാളുകൾ പോലുള്ള വേദികളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ 80 പേർക്ക് വരെയാണ് പങ്കെടുക്കാനാകുന്നത്.
കർശനമായ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, Ehteraz ആപ്പിന്റെ ഉപയോഗം എന്നിവ ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേരും നിർബന്ധമായും പാലിക്കേണ്ടതാണ്.