ഏതാനം വിഭാഗങ്ങളിൽ പെട്ട COVID-19 രോഗബാധിതരുടെയും, സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. നേരത്തെ 14 ദിവസമായിരുന്നു ക്വാറന്റീൻ കാലാവധിയായി കണക്കാക്കിയിരുന്നത്.
ജനുവരി 5, ചൊവ്വാഴ്ച്ചയാണ് DHA ഇക്കാര്യം അറിയിച്ചത്. എന്നാൽ ക്വാറന്റീൻ കാലാവധി കുറയ്ക്കാനുള്ള ഈ തീരുമാനം എല്ലാ വിഭാഗക്കാർക്കും ബാധകമല്ല. ചില പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരമാണ് ഈ ഇളവ് ലഭിക്കുന്നതെന്ന് DHA വ്യക്തമാക്കിയിട്ടുണ്ട്.
താഴെ പറയുന്ന വിഭാഗത്തിൽപ്പെടുന്നവർക്കാണ് 10 ദിവസത്തെ ക്വാറന്റീൻ കാലാവധി ബാധകമാകുന്നത്:
- COVID-19 രോഗബാധിതനാണെന്ന് കണ്ടെത്തിയ ശേഷവും രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാക്കാത്തവർ.
- പനി കുറക്കുന്നതിനുള്ള മരുന്നുകളൊന്നും ഉപയോഗിക്കാതെ, രോഗലക്ഷണങ്ങളിൽ നിന്ന് പൂർണ്ണ മുക്തിനേടിയ, തീവ്രമല്ലാത്ത രീതിയിലുള്ള രോഗബാധയേറ്റവർ.
- ഈ വിഭാഗക്കാരുമായി അടുത്തിടപഴകിയവർ, COVID-19 രോഗബാധിതരുമായി ഇടപഴകാനിടയായ ശേഷം രോഗലക്ഷണങ്ങളൊന്നും പ്രകടമാകാത്തവർ എന്നീ വിഭാഗത്തിൽപ്പെടുന്ന സമ്പർക്കപ്പട്ടികയിലുള്ളവർക്കും 10 ദിവസത്തെ ക്വാറന്റീൻ ബാധകമാണ്. അവർ രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട ദിവസം മുതൽ 10 ദിവസമാണ് ക്വാറന്റീൻ കാലാവധിയായി കണക്കാക്കുന്നത്.
തീക്ഷ്ണത കൂടിയതും, തീവ്രമായതും, ഗുരുതരമായതുമായ രോഗബാധയുള്ളവരുടെ ക്വാറന്റീൻ നടപടികളിൽ മാറ്റമില്ലെന്നും DHA അറിയിച്ചു. ഇത്തരത്തിൽ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗബാധിതരെ 24 മണിക്കൂറിന്റെ വ്യത്യാസത്തിൽ രണ്ട് തവണയായി നടത്തുന്ന COVID-19 PCR ടെസ്റ്റുകളിൽ നെഗറ്റീവ് ആകുന്ന പക്ഷം മാത്രമാണ് ഡിസ്ചാർജ് ചെയ്യുക എന്നും DHA അറിയിച്ചിട്ടുണ്ട്. ഇവരുടെ രോഗലക്ഷണങ്ങൾ മരുന്ന് കൂടാതെ തന്നെ പൂർണമായും സുഖമാകുകയും ചെയ്യേണ്ടതാണ്. ഇത്തരക്കാർ ഡിസ്ചാർജ് ചെയ്യപ്പെട്ട ശേഷം 7 ദിവസം സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്.