സൗദി: പൊതു വിദ്യാഭ്യാസ മേഖലയിൽ വിദൂര പഠന സമ്പ്രദായം തുടരും

featured GCC News

രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ, ഈ അദ്ധ്യയന വർഷത്തിലെ രണ്ടാം ഘട്ടത്തിലും വിദൂര പഠന സമ്പ്രദായം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ ക്ലാസ്സുകളിലും ഈ രീതിയിലുള്ള പഠനം തുടരാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ, സാങ്കേതിക പരിശീലന സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ തീരുമാനം ബാധകമാണ്. രണ്ടാം ഘട്ടത്തിലെ, പത്താം ആഴ്ച്ചയുടെ അവസാനം വരെ, വിദ്യാർത്ഥികൾ വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് സാഹചര്യത്തിൽ ഈ അദ്ധ്യയന വർഷത്തിലെ ആദ്യ ഘട്ടത്തിലും വിദൂര വിദ്യാഭ്യാസ രീതിയാണ് മന്ത്രാലയം അവലംബിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ ഇത് വിജയകരമായി നടപ്പിലാക്കിയിരുന്നു.

പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് വിദൂര പഠന സമ്പ്രദായത്തിൽ ദിനവും വൈകീട്ട് 3.00 മണി മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. സെക്കണ്ടറി തലത്തിലെ വിദ്യാർത്ഥികൾക്ക് രാവിലെ 9.00 മണി മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും, തൊഴിൽപരമായ പരിശീലന കോഴ്സുകൾ പിന്തുടരുന്ന വിദ്യാർത്ഥികൾക്കും തീയറി ക്‌ളാസുകൾ വിദൂര പഠന സമ്പ്രദായത്തിൽ തുടരും. ഇവരുടെ പ്രാക്ടിക്കൽ, പരിശീലന ക്‌ളാസുകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് നൽകുന്നതാണ്.