ഒമാൻ: നവംബർ 1 മുതൽ പ്രവാസികൾക്ക് വിസ മെഡിക്കൽ പരിശോധനകളുടെ ഫീസ് ഒഴിവാക്കാൻ തീരുമാനം

featured GCC News

2022 നവംബർ 1 മുതൽ പ്രവാസികളുടെ വിസ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 6-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തി പുറത്തിറക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, നവംബർ 1 മുതൽ ഒമാനിൽ പുതിയ റെസിഡൻസി വിസകൾക്ക് അപേക്ഷിക്കുന്നവർക്കും, റെസിഡൻസി വിസകൾ പുതുക്കുന്നവർക്കും താഴെ പറയുന്ന നടപടിക്രമങ്ങൾ ബാധകമാണ്:

  • ഇത്തരം അപേക്ഷകൾ സനദ് ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്. ഇതോടൊപ്പം 30 റിയാൽ അപേക്ഷാ ഫീസ് ഇനത്തിൽ നൽകേണ്ടതാണ്.
  • തുടർന്ന്, ഇത്തരം അപേക്ഷകൾ നൽകുന്ന പ്രവാസികളെ, സൗജന്യ മെഡിക്കൽ പരിശോധനകൾക്കായി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നിർദ്ദേശിക്കുന്നതാണ്.
  • ഈ മെഡിക്കൽ പരിശോധനയുടെ ഫലം, 24 മണിക്കൂറിനുള്ളിൽ, മന്ത്രാലയം ഇലക്ട്രോണിക് മാർഗങ്ങളിലൂടെ അംഗീകാരം നൽകുന്നതും, തുടർന്ന് പ്രവാസിയ്ക്ക് അയച്ച് കൊടുക്കുന്നതുമാണ്.

നേരത്തെ ഇത്തരം പരിശോധനകൾക്കായി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ ഈടാക്കിയിരുന്ന തുകയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.