ഒമാൻ: ഇതുവരെ 24204 പേർക്ക് COVID-19 വാക്സിൻ നൽകി; ഇതിൽ 30% പ്രവാസികൾ; രണ്ടാം ഡോസ് കുത്തിവെപ്പ് നാളെ മുതൽ

GCC News

2021 ഡിസംബറിൽ ആരംഭിച്ച COVID-19 വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി ഇതുവരെ ഏതാണ്ട് ഇരുപത്തിനാലായിരത്തിൽ പരം ആളുകൾ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് ഒമാനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളുടെ 90 ശതമാനത്തോളം വരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

2021 ജനുവരി 15, വെള്ളിയാഴ്ച്ച ഒമാൻ ആരോഗ്യ മന്ത്രാലയം പങ്ക് വെച്ച കണക്കുകൾ പ്രകാരം ഇതുവരെ 24204 പേർ വാക്സിനേഷൻ യത്നത്തിൽ പങ്കെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ മുൻഗണന ക്രമത്തിൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ മുപ്പത് ശതമാനത്തോളം പേർ പ്രവാസികളാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി. വാക്സിനേഷൻ യത്നത്തിൽ പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

വാക്സിനുകളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ മൂലം ഒമാനിൽ പലരും വാക്സിനേഷനിൽ നിന്ന് വിട്ടുനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം വാക്സിൻ സുരക്ഷിതമാണെന്ന് ആവർത്തിച്ചു. താൻ വാക്സിൻ കുത്തിവെപ്പ് സ്വയം സ്വീകരിച്ചെന്നും, ഇതിന്റെ ഭാഗമായി ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. ആഗോളതലത്തിൽ ഏതാണ്ട് 20 ദശലക്ഷം പേരിൽ ഫൈസർ വാക്സിൻ കുത്തിവെച്ചതായും, എവിടെ നിന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ നിലവിൽ 370000 ഡോസ് ഫൈസർ വാക്സിൻ ഓർഡർ ചെയ്തിട്ടുണ്ടെന്നും, ഇതിൽ 27000 ഡോസ് രാജ്യത്തെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രമേഹം, കിഡ്നി പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള 65 വയസ്സിനു മുകളിൽ പ്രായമായവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, കഠിനമായ ആസ്തമ ഉള്ളവർ, ILD പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, ICU ജീവനക്കാർ, COVID-19 വാർഡുകളിലെ ജീവനക്കാർ, പ്രമേഹമുള്ള ജീവനക്കാർ, നാല്പതോ അതിനു മുകളിലോ BMI ഉള്ള ജീവനക്കാർ, ഡയാലിസിസ് ചെയ്യുന്ന ജീവനക്കാർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഒമാനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ മുൻഗണന നൽകിയിട്ടുള്ളത്. ഇത്തരക്കാർക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇവർ പ്രത്യേക അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും, ഓരോ ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവർത്തന സമയങ്ങളിൽ നേരിട്ടെത്തി വാക്സിനേഷനിൽ പങ്കെടുക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഒമാനിൽ ഡിസംബർ 27 മുതൽ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

https://twitter.com/OmaniMOH/status/1350370859681243136

അതേസമയം, ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്ന പ്രക്രിയ ജനുവരി 17 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.