വാരാന്ത്യത്തിലെ അണുനശീകരണ യജ്ഞം: ദുബായിൽ വീടുകൾക്ക് പുറത്തിറങ്ങാനുള്ള പെർമിറ്റ് ഓൺലൈനിലൂടെ

GCC News

അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ദുബായിൽ അത്യാവശ്യ കാര്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങേണ്ടവർക്കായി അതിനുള്ള ഓൺലൈൻ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. https://movepermit.gov.ae/ എന്ന ഈ വെബ്സൈറ്റിലൂടെ ദുബായ് നിവാസികൾക്ക് ഭക്ഷണം, മരുന്ന് മുതലായ അത്യാവശ്യങ്ങൾക്കായി വീടിനു പുറത്തിറങ്ങാനുള്ള അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.

ഈ സേവനത്തിലൂടെ രെജിസ്റ്റർ ചെയ്ത ശേഷം അനുമതി തേടാവുന്നതും, അനുവാദം ലഭിക്കുന്നവർക്ക് അടിയന്തിര ആവശ്യങ്ങൾക്കായി പുറത്തിറങ്ങാവുന്നതുമാണ്. അടിയന്തിര സ്വഭാവമുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വെബ്സൈറ്റിലൂടെ രെജിസ്റ്റർ ചെയ്യാതെ തന്നെ അവരുടെ ഐഡി കാർഡുകൾ ഉപയോഗിച്ച് കൊണ്ട് ഈ സമയങ്ങളിൽ പുറത്ത് സഞ്ചരിക്കാൻ അനുമതിയുണ്ട്.

ഈ വെബ്സൈറ്റിൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് രെജിസ്റ്റർ ചെയ്യേണ്ടത്. SMS വഴി ലഭിക്കുന്ന OTP നൽകി രെജിസ്ട്രേഷൻ പൂർത്തിയാക്കുന്ന നിവാസികൾക്ക് അവരുടെ എമിരേറ്റ്സ് ഐഡി വിവരം, വാഹന രെജിസ്ട്രേഷൻ നമ്പർ, പുറത്തു പോകുന്നതുമായ ബന്ധപ്പെട്ട വിവരങ്ങൾ, പോകേണ്ട ഇടം, സമയം എന്നിവ നൽകി അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.