ഒമാൻ: COVID-19 വാക്സിനേഷൻ യത്നം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം; ജൂൺ മാസത്തോടെ ഒരു ദശലക്ഷം ഡോസ് വാക്സിൻ രാജ്യത്തെത്തും

GCC News

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമാനിലെ COVID-19 ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി, ആദ്യ ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ തുടരുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഫൈസർ, ആസ്ട്ര സെനേക്ക വാക്സിനുകൾ ഉപയോഗിച്ചുള്ള രണ്ടാം ഡോസ് വാക്സിനേഷൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ ഏപ്രിൽ 14 മുതൽ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മസ്‌കറ്റിലെ നാല് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് ലഭ്യമാണ്.

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഈ കേന്ദ്രങ്ങളിൽ വാക്സിൻ കുത്തിവെപ്പുകൾ ലഭിക്കുന്നതാണ്. വെള്ളി, ശനി ദിനങ്ങളിലൊഴികെ ആഴ്‌ച്ചയിൽ എല്ലാ ദിവസങ്ങളിലും ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പിന് അർഹരായവരെ ആരോഗ്യ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്നതാണ്.

ജൂൺ അവസാനത്തോടെ ഒരു ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ ഒമാനിലെത്തും

2021 ജൂൺ അവസാനത്തോടെ ഒരു ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ രാജ്യത്തെത്തുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സയീദി വ്യക്തമാക്കി. ഒമാൻ ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഏതാണ്ട് അറുപത് ശതമാനത്തോളം പേർക്ക് വാക്സിൻ നൽകുന്നതിന് ആവശ്യമാകുന്ന ഡോസ് വാക്സിൻ ഒമാൻ ഓർഡർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2021 സെപ്റ്റംബർ മാസം അവസാനത്തോടെ ഏതാണ്ട് നാലേമുക്കാൽ ദശലക്ഷം ഡോസ് ഫൈസർ വാക്സിൻ ഒമാനിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ ഒന്നേകാൽ ദശലക്ഷം ഡോസ് വാക്സിൻ ജൂൺ മാസത്തിൽ രാജ്യത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.