യു എ ഇ: മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് പിഴ കൂടാതെ മടങ്ങാൻ അവസരം

GCC News

മാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരം നൽകുന്ന യു എ ഇ സർക്കാരിന്റെ പദ്ധതി ഉപയോഗിക്കാൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. മാർച്ച് 1-നു മുൻപ് കാലാവധി അവസാനിച്ച റെസിഡൻസി വിസകൾക്കും, സന്ദർശക വിസകൾക്കും ഈ ഇളവുകൾ ഉപയോഗിച്ച് കൊണ്ട് ഓഗസ്റ്റ് 17 വരെ പിഴ തുകകൾ ഒടുക്കാതെ യു എ ഇയിൽ നിന്ന് മടങ്ങാവുന്നതാണ്. ജൂലൈ 22, ബുധനാഴ്ചയാണ് ഇന്ത്യൻ എംബസ്സി ഇതു സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്.

ഇത്തരത്തിൽ ഓഗസ്റ്റ് 17-നു മുൻപായി പിഴ കൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്, ഇതിനു ആവശ്യമായ യു എ ഇ സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ എംബസി മുഖേനെയാണ് നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അബുദാബിയിൽ താമസിക്കുന്നവർ, അല്ലെങ്കിൽ അബുദാബിയിൽ നിന്ന് ലഭിച്ച വിസകൾ ഉള്ളവർ ഈ സേവനത്തിനായി അബുദാബിയിലെ ഇന്ത്യൻ എംബസിയെയും, ദുബായ്, ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ, ഉം ഉൽ കുവൈൻ, അജ്‌മാൻ എന്നിവിടങ്ങളിലുള്ളവർ ഈ സേവനത്തിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെയും ഇ-മെയിൽ വഴി സമീപിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ:

മാർച്ച് 1-നു മുൻപ് കാലാവധി അവസാനിച്ച റെസിഡൻസി വിസകളിലും, സന്ദർശക വിസകളിലുമുള്ള ഇന്ത്യക്കാർ, നിയമപരമായ നടപടികൾ നേരിടാതെ, പിഴ ഒഴിവാക്കിക്കൊണ്ട് ഓഗസ്റ്റ് 17 വരെയുള്ള ഈ അവസരം ഉപയോഗിക്കാൻ ഇന്ത്യൻ എംബസ്സി നിർദ്ദേശിച്ചു. ഇത്തരത്തിൽ മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇതിനായുള്ള അപേക്ഷ, പാസ്സ്‌പോർട്ട് വിവരങ്ങൾ, ഫോൺ നമ്പർ, ഇമെയിൽ വിലാസം, വിസയുടെ കോപ്പി എന്നിവ എംബസിയിലേക്കോ, കോൺസുലേറ്റിലേക്കോ (അവരവരുടെ താമസ സ്ഥലത്തിനനുസരിച്ച്) ഇ-മെയിലിലൂടെ അയക്കേണ്ടതാണ്. അബുദാബിയിൽ നിന്നുള്ളവർ ca.abudhabi@mea.gov.in എന്ന വിലാസത്തിലും, മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർ cons2.dubai@mea.gov.in എന്ന വിലാസത്തിലുമാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷാ ഫോമിന്റെ നിർദിഷ്ട രൂപം താഴെയുള്ള വിലാസത്തിൽ ലഭ്യമാണ്.

https://indembassyuae.gov.in/pdf/Press%20Release%20on%20Waiver%20of%20Visa%20fines%20-%20%2022%20July%202020.pdf

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തീയ്യതിക്ക് 7 പ്രവർത്തി ദിവസങ്ങൾക്ക് മുൻപേയെങ്കിലും ഇത്തരം അപേക്ഷകൾ നൽകാൻ ശ്രദ്ധിക്കുക. സാധുതയുള്ള പാസ്സ്‌പോർട്ട് കൈവശമില്ലാത്തവർ, ആദ്യം അടിയന്തിര പാസ്സ്പോർട്ടിനുള്ള അപേക്ഷ നൽകേണ്ടതാണ്. ഇമെയിലിലൂടെ ഈ അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നിർദിഷ്ട രൂപത്തിലുള്ള അപേക്ഷകളുടെ പൂരിപ്പിച്ച പ്രിന്റുകൾ എംബസി/ കോൺസുലേറ്റിനു പുറത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക അപേക്ഷാ പെട്ടിയിൽ നിക്ഷേപിക്കാവുന്നതാണ്.

ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ ഉടൻ തന്നെ യു എ ഇ അധികൃതരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ എംബസ്സി/ കോൺസുലേറ്റിൽ നിന്ന് എടുക്കുന്നതാണ്. ഇത്തരം അപേക്ഷകൾക്ക് യു എ ഇ അധികൃതരുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് എംബസിയിൽ നിന്ന് അപേക്ഷകർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ഫോൺ/ ഇമെയിൽ എന്നിവയിലൂടെ നൽകുന്നതാണ്. ഇത്തരത്തിൽ യു എ ഇ അധികൃതരുടെ അംഗീകാരം ലഭിക്കുന്നതിന് ചുരുങ്ങിയത് അഞ്ച് ദിവസമെടുക്കുമെന്നും എംബസി അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇ അധികൃതരുടെ അംഗീകാരം ലഭിക്കുന്നവർ എത്രയും വേഗത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടതാണെന്നും എംബസി വ്യക്തമാക്കി.

ഇത്തരം അപേക്ഷകൾ സമർപ്പിക്കുന്നതിനായി എംബസിയിലോ, കോൺസുലേറ്റിലോ ആളുകൾ കൂട്ടം ചേരുന്ന സാഹചര്യങ്ങൾ കർശനമായി ഒഴിവാക്കാനും അധികൃതർ ആവശ്യപെട്ടിട്ടുണ്ട്. രേഖകളില്ലാതെ യു എ ഇയിൽ തുടരുന്ന എല്ലാ ഇന്ത്യക്കാർക്കും ഇത് സംബന്ധമായ അറിയിപ്പ് നൽകാൻ, ഇന്ത്യൻ കൂട്ടായ്മകളോടും, സന്നദ്ധ സംഘടനകളോടും എംബസി ആഹ്വാനം ചെയ്തു. ഇത്തരം ആളുകളെ എത്രയും വേഗത്തിൽ എംബസി, അല്ലെങ്കിൽ കോൺസുലേറ്റുമായി ബന്ധപ്പെടുത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.