യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

GCC News

ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. 2022 ജനുവരി 26-ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി, ദുബായ് എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിൽ ദേശീയ പതാക ഉയർത്തി.

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ H.E. സഞ്ജയ് സുധീർ ദേശീയ പതാക ഉയർത്തി.

ഭാരതത്തിന്റെ ഭരണഘടന ഉൾക്കൊള്ളുന്ന മഹത്തായ മൂല്യങ്ങൾക്കായി ഓരോ ഭാരതീയനും നിലകൊള്ളേണ്ട ദിനമാണ് റിപ്പബ്ലിക് ദിനമെന്ന് അദ്ദേഹം യു എ ഇയിലെ ഇന്ത്യൻ സമൂഹത്തെ ഈ സന്ദർഭത്തിൽ അഭിസംബോധന ചെയ്ത് കൊണ്ട് അറിയിച്ചു.

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ വെച്ച് നടന്ന പ്രത്യേക റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി യു എ ഇയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി ഇന്ത്യൻ പവലിയനിൽ ദേശീയ പതാക ഉയർത്തി. എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് അദ്ദേഹം ഇന്ത്യൻ സമൂഹത്തിന് എല്ലാ ആശംസകളും നേർന്നു.

തുടർന്ന് അംബാസഡർ H.E. സഞ്ജയ് സുധീറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പവലിയനിൽ നടന്ന പ്രത്യേക ആഘോഷപരിപാടികളിൽ നിരവധി അന്താരാഷ്ട്ര അതിഥികൾ പങ്കെടുത്തു.

എക്സ്പോ 2020 ദുബായ് വേദിയിലെ ഇസ്രായേൽ പവലിയനിലും ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.