ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് സുപ്രീം കമ്മിറ്റി

featured GCC News

രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. 2021 ഫെബ്രുവരി 7, ഞായറാഴ്ച്ചയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 7-ന് ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ തോതും, പ്രതിരോധ നടപടികളും കമ്മിറ്റി യോഗത്തിൽ വിലയിരുത്തി.

ഒമാനിലേക്കുള്ള കരമാർഗ്ഗമുള്ള അതിർത്തികൾ 2021 ഫെബ്രുവരി 8, തിങ്കളാഴ്ച്ച വൈകീട്ട് 6 മണിക്ക് തുറക്കുമെന്നാണ് നേരത്തെ കമ്മിറ്റി അറിയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് നിലവിൽ രേഖപ്പെടുത്തുന്ന COVID-19 രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവ് കണക്കിലെടുത്ത് ഒമാനിലേക്കുള്ള കരമാർഗ്ഗമുള്ള അതിർത്തികൾ തുറക്കാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിവെക്കാൻ കമ്മിറ്റി ഫെബ്രുവരി 7-ന് തീരുമാനിക്കുകയായിരുന്നു.

2021 ജനുവരി 18 മുതൽ ഒമാനിലെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. അതിവേഗം പകരുന്ന COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള ആരോഗ്യ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാൻ ഒമാൻ തീരുമാനിച്ചത്. തുടർന്ന്, രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മൂന്ന് തവണ സുപ്രീം കമ്മിറ്റി ഈ തീരുമാനം നീട്ടിയിരുന്നു.

വിദേശത്തു നിന്ന് തിരികെ എത്തുന്ന ഒമാൻ പൗരന്മാർക്ക് മാത്രമാണ് കര അതിർത്തികളിലൂടെ പ്രവേശനം അനുവദിക്കുന്നത്. ഇവർക്ക് 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.