അബുദാബി: അടുത്ത 6 ആഴ്ച്ചത്തേക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് പ്രായമായവർക്കും, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കുമായി പരിമിതപ്പെടുത്തുന്നു

UAE

ഫെബ്രുവരി 7 മുതൽ 6 ആഴ്ച്ചത്തേക്ക് അബുദാബിയിലും, മറ്റു എമിറേറ്റുകളിലും പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള വാക്സിൻ കുത്തിവെപ്പ് സേവനങ്ങൾ പ്രായമായവർക്കും, മറ്റു മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു. രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ താത്കാലികമായി പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മാത്രമാക്കി ചുരുക്കാനുള്ള യു എ ഇ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.

ഫെബ്രുവരി 7-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനപ്രകാരം 6 ആഴ്ച്ചത്തേക്ക് COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും, ഭിന്നശേഷിക്കാർക്കും മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ്. രാജ്യത്ത് കഴിഞ്ഞ ഏതാനം ദിനങ്ങളിലായി COVID-19 വ്യാപനത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത്, മുൻഗണനാ വിഭാഗങ്ങളിലുള്ള പരമാവധി പേർക്ക് വാക്സിൻ നൽകുന്നതിനായാണ് ഈ തീരുമാനം. ഈ വിഭാഗക്കാർക്കിടയിൽ കൊറോണ വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലായതിനാലാണിത്.

ഈ കാലയളവിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്ക്, യു എ ഇയിലുടനീളമുള്ള അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്ക് ഇതിനായി മുൻ‌കൂർ ബുക്കിങ്ങ് ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധിയായ രോഗങ്ങൾ, പ്രമേഹം മുതലായ രോഗങ്ങളുള്ളവരെ വിട്ടുമാറാത്ത അസുഖങ്ങളുള്ളവരായി കണക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഈ താത്‌കാലിക നിയന്ത്രണം ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെ ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചവർക്കുള്ള രണ്ടാം ഡോസ് കുത്തിവെപ്പുകൾ സംബന്ധിച്ച് ഈ തീരുമാനം ബാധമാക്കിയിട്ടില്ല. രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് തീയ്യതി സ്ഥിരീകരിച്ചിട്ടുള്ള, മുൻഗണനാ വിഭാഗങ്ങൾക്ക് പുറത്തുള്ളവർക്കും, വാക്സിൻ ലഭിക്കുന്നതാണ്.