G20: COVID-19 പ്രതിരോധത്തിനായി ഒരുമിച്ച് പ്രവർത്തിക്കും; ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 5 ട്രില്യൺ ഡോളർ സഹായം

Business

COVID-19 പ്രതിരോധത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് G20 രാജ്യങ്ങൾ അറിയിച്ചു. മാർച്ച് 26, വ്യാഴാഴ്ച്ച വീഡിയോ കോൺഫറൻസിലൂടെ ഒത്ത് ചേർന്ന പ്രത്യേക G20 അടിയന്തിര ഉച്ചകോടിയിലാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി കൊറോണാ വൈറസ് മൂലം കടുത്ത വെല്ലുവിളി നേരിടുന്ന ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 5 ട്രില്യൺ ഡോളറിന്റെ വിവിധ സഹായങ്ങളും G20 രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഈ വിർച്യുൽ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുതലായ നേതാക്കൾ പങ്കെടുത്തു.

വികസിച്ച്‌ കൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഈ ഘട്ടത്തിൽ ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് G20 നേതാക്കൾ കൂട്ടായി അറിയിച്ചു. ഇതിനായി IMF-ഉം മറ്റു സംഘടനകളുമായി ചേർന്ന് ശക്തമായ പ്രവർത്തനങ്ങൾ ഉറപ്പാക്കും.

ലോകാരോഗ്യ സംഘടനയ്ക്ക് ആഗോളതലത്തിൽ കൂടുതൽ അധികാരങ്ങളും സാമ്പത്തിക സഹായങ്ങളും നല്കണമെന്ന് യോഗത്തിൽ നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ആഗോളതലത്തിലെ ഇപ്പോഴുള്ള വെല്ലുവിളി നേരിടുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ട വിധത്തിൽ അതിന്റെ പ്രവർത്തനങ്ങൾ രൂപപെടുത്താൻ കഴിയാതെ പോയത് ഇതുകൊണ്ടാണെന്ന് മോഡി G20 നേതാക്കളെ ഓർമ്മിപ്പിച്ചു.

ആഗോളതലത്തിൽ കൊറോണാ വൈറസ് വരുത്തിയിട്ടുള്ള ആഘാതം ചെറുക്കുന്നതിനുള്ള സാമൂഹികമായും, സാമ്പത്തികമായും ഉള്ള പദ്ധതികൾ രൂപം നൽകുന്നതിനാണ് G20 ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 5 ട്രില്യൺ ഡോളർ സന്നിവേശിപ്പിക്കുന്നത്.