ഉം അൽ കുവൈൻ: വാണിജ്യ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചു

Business

ഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ട് യു എ ഇ സുപ്രീം കൗൺസിൽ അംഗവും, ഉം അൽ കുവൈൻ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവിറക്കി. നിലവിലെ COVID-19 പശ്ചാത്തലത്തിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന വാണിജ്യ മേഖലയിൽ ഉണർവ്വ് നൽകുന്നതാണ് ഈ തീരുമാനം.

ഈ ഉത്തരവ് പ്രകാരം പുതിയ വാണിജ്യ ലൈസൻസുകൾക്കും, ലൈസൻസുകൾ പുതുക്കുന്നതിനുമുള്ള തുകകളിൽ 50 ശതമാനം ഇളവുകൾ അനുവദിക്കും. വ്യാപാര ലൈസൻസുകൾ, വ്യവസായ ലൈസൻസുകൾ, പ്രൊഫഷണൽ ലൈസൻസുകൾ എന്നിവയ്ക്ക് ഈ ഇളവുകൾ ബാധകമായിരിക്കും. നിലവിൽ കാലാവധി കഴിഞ്ഞ ഇത്തരം ലൈസൻസുകൾക്കുള്ള പിഴതുകകൾ ഒഴിവാക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഉം അൽ കുവൈൻ ചേംബർ ഓഫ് കോമേഴ്‌സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഫീ തുകകളിലും 50 ശതമാനം ഇളവുകൾ നൽകും.

COVID-19 പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്ന സ്ഥാപനങ്ങൾക്കുള്ള ഫീ, പിഴകൾ എന്നിവ ഒഴിവാക്കുന്നതിനായി നേരത്തെ കൊണ്ടുവന്ന തീരുമാനം തുടരാനും പുതിയ ഉത്തരവിൽ തീരുമാനിച്ചിട്ടുണ്ട്. വരും നാളുകളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം കൂടുതൽ ഇളവുകൾ ആവശ്യമെങ്കിൽ അനുവദിക്കുമെന്നും ഇത് സംബന്ധിച്ച അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.