ഒമാൻ: ഫെബ്രുവരി 28 മുതൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ഇ-ബാങ്കിങ്ങ് ഉപയോഗിച്ച് നൽകണമെന്ന് തൊഴിൽ മന്ത്രാലയം

GCC News

രാജ്യത്തെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് 2021 ഫെബ്രുവരി 28 മുതൽ ഓൺലൈൻ ബാങ്കിങ്ങ് സേവനങ്ങൾ ഉപയോഗിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. ജനുവരി 19 ചൊവ്വാഴ്ച്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളോട് ശമ്പള വിതരണത്തിനായി ഓൺലൈൻ ബാങ്കിങ്ങ് സേവനങ്ങൾ ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നൽകിയിട്ടിട്ടുള്ള നിർദ്ദേശത്തിന്റെ ഭാഗമായാണ് തൊഴിൽ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

“രാജ്യത്തെ മുഴുവൻ ബാങ്കുകളും ശമ്പള വിതരണത്തിനായി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓൺലൈൻ ബാങ്കിങ്ങ് സേവനങ്ങൾ ഉറപ്പാക്കണം. ശമ്പള വിതരണത്തിനായി ഉപയോഗിച്ച് വരുന്ന പരമ്പരാഗതമായ മാർഗ്ഗങ്ങൾ 2021 ഫെബ്രുവരി 28 മുതൽ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നു.”, ജനുവരി 12-ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നൽകിയിട്ടിട്ടുള്ള നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ഈ തീരുമാനം നടപ്പിലാകുന്നതോടെ ജീവനക്കാരുടെ ശമ്പള വിതരത്തിനായി സുരക്ഷ കുറഞ്ഞ പരമ്പരാഗതമായ മാർഗ്ഗങ്ങളിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങളിൽ രാജ്യത്തെ ബാങ്കുകൾ സേവനങ്ങൾ നൽകില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ ശമ്പള വിതരണത്തിനായി ഇ-ബാങ്കിങ്ങ് സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.