ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രികരുടെ COVID-19 PCR നടപടികളിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

GCC News

ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവരുടെ COVID-19 PCR ടെസ്റ്റുകൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്തിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

https://twitter.com/FlyWithIX/status/1362091558468612097

ദുബായിലേക്കുള്ള യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ റിസൾട്ട് സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേണ്ട ഏതാനം വിവരങ്ങൾ സംബന്ധിച്ച മാറ്റങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിരിക്കുന്നത്

2021 ഫെബ്രുവരി 17, ബുധനാഴ്ച്ച രാത്രിയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, യാത്രികർ ഹാജരാക്കുന്ന COVID-19 PCR ടെസ്റ്റ് റിസൾട്ടിന്റെ പകർപ്പിൽ, ഒറിജിനൽ ടെസ്റ്റ് റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന QR കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനമെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനു പുറമെ, COVID-19 PCR ടെസ്റ്റ് റിസൾട്ടിൽ പരിശോധനയ്ക്കായി സ്രവം സ്വീകരിച്ച തീയ്യതി, സമയം, റിപ്പോർട്ട് തയ്യാറാക്കിയ തീയ്യതി, സമയം എന്നീ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ തീരുമാനം സംബന്ധിച്ച്, ഇത് പ്രാബല്യത്തിൽ വരുന്ന തീയ്യതി, ഔദ്യോഗിക ലറ്റർഹെഡിൽ ലഭിക്കുന്ന PCR ടെസ്റ്റ് റിസൾട്ടുകൾക്ക് QR കോഡ് നിർബന്ധമാക്കിയിട്ടുണ്ടോ മുതലായ കൂടുതൽ വിവരങ്ങൾ ഇതുവരെ എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരോ, ദുബായ് ഹെൽത്ത് അതോറിറ്റിയോ നൽകിയിട്ടില്ല.