ഖത്തർ: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഒഴിവാക്കുമെന്ന് MoPH

featured GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രാജ്യത്തെ ക്വാറന്റീൻ നിർദ്ദേശങ്ങൾ ഒഴിവാക്കി നൽകുമെന്ന് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഖത്തറിൽ നിന്ന് COVID-19 വാക്സിൻ നടപടികളുടെ ഭാഗമായി മുഴുവൻ കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്.

ഖത്തറിലേക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന അവസരത്തിലും, COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകാനിടയാകുന്ന അവസരത്തിലും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നടപടികളാണ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയവർക്ക് ഒഴിവാക്കി നൽകുന്നത്. ഫെബ്രുവരി 18-ന് വൈകീട്ടാണ് MoPH ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്:

  • COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് ഈ ഇളവുകൾ അനുവദിക്കുന്നത്. ഇത്തരക്കാർ രാജ്യത്തേക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന അവസരത്തിലും, കൊറോണ വൈറസ് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെടുന്ന അവസരത്തിലും PCR ടെസ്റ്റ് നടത്തി, നെഗറ്റീവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്. ഇത്തരം പരിശോധനകളിൽ നെഗറ്റീവ് ആകുന്നവർക്കാണ് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്.
  • രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച തീയ്യതി മുതൽ മൂന്ന് മാസത്തേക്കാണ് നിലവിൽ ക്വാറന്റീൻ ഒഴിവാക്കുന്ന ഈ ഇളവ് അനുവദിക്കുന്നത്. വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ രോഗപ്രതിരോധ ശേഷി നിലനിൽക്കുന്ന കാലയളവ് സംബന്ധിച്ച് കൂടുതൽ പഠനവിവരങ്ങൾ ലഭിക്കുന്ന പക്ഷം, ഈ കാലാവധി ഭാവിയിൽ നീട്ടിനൽകാൻ സാധ്യതയുണ്ട്.
  • മറ്റു രാജ്യങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് ഈ ഇളവ് നിലവിൽ ബാധകമല്ല. ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് MoPH നിലവിൽ ഈ ഇളവ് അനുവദിക്കുന്നത്.