യു എ ഇ: വാക്സിൻ സ്വീകരിച്ചവർ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി തുടരണമെന്ന് നിർദ്ദേശം

GCC News

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടത് പ്രധാനമാണെന്ന് യു എ ഇ ആരോഗ്യ വകുപ്പിലെ വക്താവ് ഡോ. ഫരീദ അൽ ഹോസാനി ജനങ്ങളെ ഓർമ്മപ്പെടുത്തി. വാക്സിൻ കുത്തിവെപ്പ് വൈറസിനെതിരായ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, രോഗബാധയേൽക്കുന്നതിനുള്ള സാധ്യതകൾ കുറയ്ക്കുന്നതിനും ഇടയാക്കുമെങ്കിലും, രോഗബാധ പൂർണ്ണമായി തടയാൻ പ്രാപ്തമാണെന്ന് പറയാനാകില്ലെന്ന് അവർ വ്യക്തമാക്കി.

ഫെബ്രുവരി 21-നാണ് ഡോ. ഫരീദ അൽ ഹോസാനി ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. വാക്സിൻ കുത്തിവെപ്പ് എടുത്ത ശേഷവും മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ അറിയിച്ചു.

പൊതു സമൂഹത്തിന്റെയും, ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക് രോഗബാധയേൽക്കുന്നതിനും, ഇവരിൽ നിന്ന് രോഗവ്യാപനം ഉണ്ടാകുന്നതിനുമുള്ള സാധ്യത കുറവാണെങ്കിലും, പൂർണ്ണമായി ഇത് തള്ളിക്കളയാനാകില്ലെന്ന് ഡോ. അൽ ഹോസാനി മുന്നറിയിപ്പ് നൽകി. രോഗബാധമൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒരു പരിധിവരെ തടയുന്നതിനും വാക്സിൻ സഹായകമാണെന്ന് അവർ കൂട്ടിച്ചേർത്തു.

വാക്സിൻ കുത്തിവെപ്പ് നേടിയവരിൽ രോഗലക്ഷണങ്ങളില്ലാത്ത രീതിയിലുള്ള രോഗബാധ വരുന്നത് ഉണ്ടാക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്ന ശീലം സഹായിക്കുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു. വാക്സിൻ സ്വീകരിച്ചവരിൽ നിന്ന് മറ്റുള്ളവരിലേക്ക് ഇത്തരത്തിൽ രോഗലക്ഷണങ്ങളില്ലാത്ത രോഗബാധ മൂലമുള്ള വൈറസ് വ്യാപനം തടയുന്നതിന് മുൻകരുതൽ നടപടികൾ വീഴ്ച്ച കൂടാതെ പാലിക്കുന്നത് സഹായകമാണ്.