അൽ ഉലയിലെ പ്രിൻസ് അബ്ദുൽ മജീദ് ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മാർച്ച് 4, വ്യാഴാഴ്ച്ചയാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
അൽ ഉല വിമാനത്താവളത്തിന്റെ വാർഷിക ശേഷി ഒരു ലക്ഷം യാത്രികർ എന്നതിൽ നിന്ന് നാല് ലക്ഷം യാത്രികർ എന്ന രീതിയിലേക്ക് ഉയർത്താനും സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. റോയൽ കമ്മീഷൻ ഫോർ അൽ ഉലയുമായി (RCU) ചേർന്നാണ് അതോറിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്.
അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ കഴിഞ്ഞ വർഷം പകുതിയോടെ RCU വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2035-ഓടെ അൽ ഉല മേഖലയിൽ പ്രതീക്ഷിക്കുന്ന സഞ്ചാരികളുടെ എണ്ണത്തിലെ വലിയ വർദ്ധനവ് കണക്കിലെടുത്താണ് വിമാനത്താവളം വികസിപ്പിച്ചത്. 2020 ഒക്ടോബറോടെ അൽ ഉല മേഖല സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരുന്നു. 2035-ഓടെ അൽ ഉലയിലേക്ക് വർഷം തോറും ഏതാണ്ട് 2 ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം ഘട്ട വികസനപ്രവർത്തങ്ങളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രധാന ടെർമിനൽ കെട്ടിടം നവീകരിക്കുകയും, 150,000 സ്‌ക്വയർ മീറ്റർ ടാക്സിവേ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇത് കൂടാതെ റൺവേയുമായി ബന്ധിപ്പിക്കുന്ന 2 പുതിയ പാതകളും നിർമ്മിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഫലമായി വാർഷികാടിസ്ഥാനത്തിൽ 1 ലക്ഷം യാത്രികർ എന്ന ശേഷിയിൽ നിന്ന്, 4 ലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകുന്നതിലേക്ക് വിമാനത്താവളത്തിനെ സജ്ജമാക്കിയതായി RCU അറിയിക്കുകയുണ്ടായി.
49000 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളത്തിലെ എയർക്രാഫ്റ്റ് പാർക്കിംഗ് ഏരിയയിൽ ഒരേ സമയം 15 വിമാനങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്നതാണ്. നിലവിൽ സൗദിയിലെ ഏറ്റവും വലിയ അഞ്ചാമത്തെ റൺവേ അൽ ഉലയിലെതാണ്.