ഒമാൻ: രാജ്യത്ത് COVID-19 രോഗവ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് COVID-19 രോഗവ്യാപനം രൂക്ഷമാകുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള റോയൽ ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. ഫർയാൽ അൽ ലവാത്തി മുന്നറിയിപ്പ് നൽകി. ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ ഒരു പ്രത്യേക അറിയിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

വൈറസ് വ്യാപനം ഉയരുന്നത് വിവിധ കാരണങ്ങൾ മൂലമാണെന്നും അവർ അറിയിച്ചു. ഇപ്പോൾ പ്രകടമാകുന്ന രോഗബാധിതരുടെ എണ്ണത്തിലെ ഈ വർദ്ധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും അവർ വ്യക്തമാക്കി. മാസ്കുകൾ ശരിയായ രീതിയിൽ ധരിക്കുന്നതും, കൈകൾ അണുവിമുക്തമാക്കുന്നതും ഉൾപ്പടെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പലരും പുലർത്തുന്ന വിമുഖതയാണ് നിലവിലെ രോഗവ്യാപനത്തിന്റെ പ്രധാന കാരണമെന്നും ഡോ. ഫർയാൽ ചൂണ്ടിക്കാട്ടി.

സാമൂഹിക ചടങ്ങുകൾക്കും മറ്റും ആളുകൾ ഒത്ത് ചേരുന്നതും, വാണിജ്യകേന്ദ്രങ്ങളിലും മറ്റും പ്രകടമാകുന്ന വലിയ തിരക്കുകളും ആശങ്കകൾക്കിടയാക്കുന്നതാണെന്നും അവർ വ്യക്തമാക്കി. ഇതിന് പുറമെ, വിദേശത്ത് നിന്ന് യാത്ര ചെയ്തെത്തുന്നവർ ഹോം/ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ കൃത്യമായി പാലിക്കാതിരിക്കുന്നതും രോഗവ്യാപനത്തിനിടയാക്കുന്നുണ്ടെന്ന് അവർ അറിയിച്ചു.

വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിൽ ആളുകൾ പുലർത്തുന്ന വിമുഖതയും വൈറസ് വ്യാപനത്തിന്റെ കാരണമായി അവർ ചൂണ്ടിക്കാട്ടി. ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾക്ക് ശേഷവും, വാക്സിൻ നൽകുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ പലരും കുത്തിവെപ്പുകളെടുക്കുന്നതിൽ വിമുഖത തുടരുകയാണെന്ന് അവർ വ്യക്തമാക്കി. നിലവിൽ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്ന COVID-19 രോഗബാധിതരിൽ ഭൂരിഭാഗവും 55-നും 65-നും ഇടയിൽ പ്രായമുള്ള വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്തവരാണെന്നും ഡോ. ഫർയാൽ അറിയിച്ചു. വാക്സിൻ സ്വീകരിച്ചവർ കുത്തിവെപ്പെടുത്ത ശേഷവും ജാഗ്രത തുടരണമെന്നും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവർ നിർദ്ദേശിച്ചു.