ഒമാൻ: മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു

featured GCC News

രാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ കാലയളവിൽ ദിനവും രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 5 മണി വരെ രാജ്യത്ത് വാണിജ്യ പ്രവർത്തനങ്ങൾ, യാത്രകൾ എന്നിവ അനുവദിക്കുന്നതല്ല.

മാർച്ച് 25-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം അറിയിച്ചത്. രാജ്യത്ത് ദിനംപ്രതി ഉയർന്ന് വരുന്ന COVID-19 രോഗബാധിതരുടെ എണ്ണം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.

ഈ തീരുമാനപ്രകാരം ദിനവും രാത്രി 8 മുതൽ രാവിലെ 5 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല. നിലവിൽ ഏപ്രിൽ 3 വരെ വാണിജ്യമേഖലയിൽ ഒമാൻ രാത്രികാല നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണം യാത്രകൾക്ക് ബാധകമാക്കിയിരുന്നില്ല.

എന്നാൽ പുതിയ തീരുമാനത്തോടെ, മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ ഒമാനിൽ രാത്രികാല കർഫ്യു പ്രാബല്യത്തിൽ വരുന്നതാണ്. യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നതിന് പുറമെ വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, മറ്റു വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെല്ലാം കർഫ്യു വേളയിൽ അടച്ചിടേണ്ടതാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, പന്ത്രണ്ടാം ക്‌ളാസ് ഒഴികെയുള്ള സർക്കാർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 8 വരെ ഓൺലൈൻ പഠന രീതി തുടരുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

രാജ്യത്തെ രോഗവ്യാപന സാഹചര്യം കൂടുതൽ രൂക്ഷമാകുകയാണെങ്കിൽ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.