ഒമാൻ: രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ മാർച്ച് 28 മുതൽ; ഏതാനം പ്രവർത്തനങ്ങൾക്ക് കർഫ്യു വേളയിൽ ഇളവ് അനുവദിച്ചു

GCC News

രാജ്യത്ത് 2021 മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ നിന്ന് ഏതാനം പ്രവർത്തന മേഖലകളെ ഒഴിവാക്കിയതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. മാർച്ച് 27-ന് രാത്രിയാണ് സുപ്രീം കമ്മിറ്റി ഈ അറിയിപ്പ് നൽകിയത്.

മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി മാർച്ച് 25-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം ദിനവും രാത്രി 8 മുതൽ രാവിലെ 5 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.

താഴെ പറയുന്ന പ്രവർത്തനങ്ങൾക്കാണ് ഒമാനിൽ രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുള്ളത്:

  • ആരോഗ്യ പ്രവർത്തകർ സഞ്ചരിക്കുന്ന വാഹനങ്ങൾ, ഇലെക്ട്രിസിറ്റി, ജലവിതരണം എന്നീ അടിയന്തിര സ്വഭാവമുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയ്ക്ക് കർഫ്യു വേളയിൽ സഞ്ചരിക്കാൻ അനുമതി നൽകും.
  • സ്വകാര്യ ആശുപത്രികൾക്ക് പ്രവർത്തിക്കാം.
  • രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അനുമതിയുള്ള ഫാർമസികൾ.
  • വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ പ്രവർത്തിക്കും.
  • 3 ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രക്കുകൾ, വാട്ടർ ടാങ്കറുകൾ, മലിനജലം കൊണ്ടുപോകുന്ന ടാങ്കുകൾ എന്നിവ.
  • ഫാക്ടറികൾക്ക് പ്രവർത്തിക്കാം. എന്നാൽ കർഫ്യു സമയങ്ങളിൽ ഇത്തരം ഫാക്ടറികളിലെ ജീവനക്കാർക്ക് തൊഴിൽശാലയുടെ പുറത്ത് സഞ്ചരിക്കാൻ അനുമതിയില്ല.
  • ഫാക്ടറികൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലെ കയറ്റിറക്ക് പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ കർഫ്യു സമയങ്ങളിൽ ഇത്തരം ഇടങ്ങളിലെ ജീവനക്കാർക്ക് തൊഴിൽശാലയുടെ പുറത്ത് സഞ്ചരിക്കാൻ അനുമതിയില്ല.
  • ഓയിൽ ഫീൽഡുകളുടെ പ്രവർത്തനം.
  • ഇന്ധന വിതരണ ശാലകൾ.
  • പൊതു, സ്വകാര്യ മേഖലകളിലെ പത്രപ്രവർത്തകർ, മാധ്യമ പ്രവർത്തകർ. ഇവർക്ക് മിനിസ്ട്രി ഓഫ് ഇൻഫൊർമേഷനിൽ നിന്ന് ഇതിനായുള്ള ലൈസൻസ് ലഭിക്കുന്നതാണ്.

രാജ്യത്ത് ദിനംപ്രതി ഉയർന്ന് വരുന്ന COVID-19 രോഗബാധിതരുടെ എണ്ണം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നതിന് പുറമെ വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, മറ്റു വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെല്ലാം കർഫ്യു വേളയിൽ അടച്ചിടേണ്ടതാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.