രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ നിയമങ്ങളിലെ വീഴ്ചകൾക്കെതിരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ പരിശോധനകളും, നടപടികളും കർശനമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ വിവിധ നിയമനിർവഹണ വിഭാഗങ്ങൾ പ്രത്യേക പ്രചാരണ പരിപാടികളും, സുരക്ഷാ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ബഹ്റൈനിലെ മുഴുവൻ ഗവർണറേറ്റുകളിലും പൊതു ഇടങ്ങളിലും, വാണിജ്യ, വ്യാപാര കേന്ദ്രങ്ങളിലും, പാര്പ്പിടമേഖലകളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 8685 പേർക്കെതിരെ അധികൃതർ ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. മാസ്കുകൾ കൃത്യമായി ധരിക്കുന്നതിൽ വീഴ്ച്ചവരുത്തിയ 63842 പേർക്കെതിരെയാണ് അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
പൊതുസമൂഹത്തിൽ COVID-19 പ്രതിരോധ നടപടികളിൽ അവബോധം വളർത്തുന്നതിനായി 2021 മാർച്ച് 25 വരെയുള്ള കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 7472 ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ഈ കാലയളവിൽ രാജ്യത്തുടനീളം പൊതു ഇടങ്ങളും, റോഡുകളും, സർക്കാർ കെട്ടിടങ്ങളും ഉൾപ്പടെയുള്ളവ അണുവിമുക്തമാക്കുന്നതിനായി 224494 ശുചീകരണ പ്രവർത്തന പരിപാടികൾ സംഘടിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.