സൗദി അറേബ്യ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കുന്ന പ്രവണത രോഗവ്യാപനം രൂക്ഷമാക്കുന്നതായി ആരോഗ്യ മന്ത്രാലയം

featured GCC News

രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ തുടരുന്ന അവഗണനയും, അശ്രദ്ധയും രോഗവ്യാപനം രൂക്ഷമാക്കുന്നതിന് കാരണമാകുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നൽകിയിട്ടുള്ള വിവിധ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ച്ചകൾ തുടരുന്നതായും, നിലവിൽ രാജ്യത്ത് പ്രകടമാകുന്ന COVID-19 വ്യാപനം ഇതിന്റെ പരിണിതഫലമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏതാനം മാസങ്ങൾക്ക് ശേഷം സൗദിയിൽ വീണ്ടും COVID-19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആവർത്തിച്ചുള്ള അറിയിപ്പുകൾക്ക് ശേഷവും ജനങ്ങൾക്കിടയിൽ ഒത്ത്‌ചേരലുകൾ, കുടുംബസംഗമങ്ങൾ എന്നിവ തുടരുന്നു എന്നത് വളരെയധികം നിരാശയുളവാക്കുന്നതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, കൈകളുടെ ശുചിത്വം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ വിട്ടുവീഴ്ച്ചകൾ കൂടാതെ പാലിക്കേണ്ടത് പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി വളരെയധികം പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രോഗവ്യാപനം തടയുന്നതിനായി രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും കൂട്ടായ പ്രവർത്തനം, ഉത്തരവാദിത്വം എന്നിവ ആവശ്യമാണെന്ന് മന്ത്രാലയം ആവർത്തിച്ചു.

നിലവിൽ COVID-19 രോഗബാധയെ തടഞ്ഞ് നിർത്തുന്നതിനായി വാക്സിൻ ലഭ്യമാണെന്നും, രാജ്യത്തുടനീളം COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നതായും മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. പൗരന്മാർക്കും, പ്രവാസികൾക്കും ‘Sehhaty’ ആപ്പിലൂടെ റെജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.