ദുബായ്: ജബൽ അലി ഫ്രീ സോണിൽ ENOC പുതിയ ഇ-ലിങ്ക് സ്റ്റേഷൻ തുറന്നു

featured UAE

ജബൽ അലി ഫ്രീ സോണിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജബൽ അലി ഫ്രീ സോണിലെ ഗേറ്റ് 4-നരികിലാണ് ഈ ഇ-ലിങ്ക് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. മേഖലയിലെ എണ്ണായിരത്തിലധികം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് തങ്ങളുടെ വാഹനങ്ങളിലേക്കുള്ള ഇന്ധനം എളുപ്പത്തിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

ഈ ഇ-ലിങ്ക് സ്റ്റേഷനിൽ നിന്ന് ദിനവും രാവിലെ 6 മുതൽ വൈകീട്ട് 6 മണിവരെ സേവനം ലഭിക്കുന്നതാണ്. 11500 ലിറ്റർ ടാങ്ക് ശേഷിയുള്ള ഈ ഇ-ലിങ്ക് സ്റ്റേഷനിൽ നിന്ന് ഒരേ സമയം 4 വാഹനങ്ങൾക്ക് വരെ ഇന്ധനം നിറയ്ക്കാവുന്നതാണ്.

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഒരു ട്രക്കിൽ ഒരുക്കിയിട്ടുള്ള ഈ ഇ-ലിങ്ക് സ്റ്റേഷൻ ആവശ്യാനുസരണം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്പെഷ്യൽ 95 പെട്രോൾ, ഡീസൽ എന്നീ ഇന്ധനങ്ങളാണ് ഈ സ്റ്റേഷനിൽ നിന്ന് ലഭ്യമാക്കുന്നത്. സാധാരണ ഇന്ധന സ്റ്റേഷനുകളിലെ അതേ നിരക്കിൽ തന്നെയാണ് ഈ ഇ-ലിങ്ക് സ്റ്റേഷനിൽ നിന്ന് ഇന്ധനം ലഭ്യമാക്കുന്നത്.

2021-ൽ ENOC നാല് ഇ-ലിങ്ക് സ്റ്റേഷനുകൾ ആരംഭിച്ചിരുന്നു. ദുബായിലെ ടൗൺ സ്‌ക്വയർ സെന്റർ, പാം ജുമേയ്‌റ, അൽ റീഫ്, അബുദാബിയിലെ ഹൈഡ്ര വില്ലേജ് എന്നിവിടങ്ങളിലാണ് ഈ ഇ-ലിങ്ക് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്.

WAM