ഒമാൻ: ഏതാനം മരുന്നുകൾക്കും, മെഡിക്കൽ ഉപകരണങ്ങൾക്കും VAT ഒഴിവാക്കാൻ തീരുമാനം

featured GCC News

രാജ്യത്ത് വിതരണം ചെയ്യുന്ന ഏതാനം മരുന്നുകളെയും, മെഡിക്കൽ ഉപകരണങ്ങളെയും മൂല്യവർദ്ധിത നികുതി (VAT) പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഒമാൻ ടാക്സ് അതോറിറ്റി തീരുമാനിച്ചു. ഏതാനം മരുന്നുകളുടെയും, മെഡിക്കൽ ഉപകരണങ്ങളുടെയും VAT നിരക്ക് പൂജ്യമാക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ടാക്സ് അതോറിറ്റി തലവൻ ’57/2021′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഏപ്രിൽ നാലിന് പുറത്തിറക്കിയ ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങളാണ് ടാക്സ് അതോറിറ്റി കൈക്കൊണ്ടിട്ടുള്ളത്.

  • ഈ തീരുമാനത്തിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം, രാജ്യത്തെ കസ്റ്റംസ് നിയമങ്ങൾ അനുസരിച്ച്, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പെർമിറ്റുകളുള്ള ഹെർബൽ മരുന്നുകൾ, ആരോഗ്യസംരക്ഷണത്തിനുള്ള മരുന്നുകൾ, മെഡിക്കൽ ഉപയോഗത്തിനുള്ള ആഹാര പദാർത്ഥങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ VAT നിരക്ക് പൂജ്യമാക്കി നിശ്ചയിക്കുന്നതാണ്.
  • ഈ ഉത്തരവിലെ ആർട്ടിക്കിൾ രണ്ട് അനുസരിച്ച്, ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതും, ഏപ്രിൽ 16, 2021 മുതൽ പ്രാബല്യത്തിൽ വരുന്നതുമാണ്.

2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5% മൂല്യവർദ്ധിത നികുതി (VAT) നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി ഏപ്രിൽ 1-ന് അറിയിച്ചിരുന്നു.