കുവൈറ്റ്: ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ രണ്ടാം ബാച്ച് രാജ്യത്തെത്തി

GCC News

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ രണ്ടാം ബാച്ച് ഏപ്രിൽ 3-ന് കുവൈറ്റിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാം ബാച്ചിൽ ഏതാണ്ട് 150000 ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിൻ കുവൈറ്റിലെത്തിയതായാണ് റിപ്പോർട്ടുകൾ.

ഈ വാക്സിനുകൾ ഈ ആഴ്ച്ച മുതൽ തന്നെ രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നൽകിത്തുടങ്ങുമെന്നാണ് സൂചന. ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് 2021 ഫെബ്രുവരിയിലാണ് കുവൈറ്റിലെത്തിയത്. ഏപ്രിൽ 3-ന് ലഭിച്ച വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്നതിനായാണ് ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ ഫലപ്രാപ്തി കൂട്ടുന്നതിനായി രണ്ടാം ഡോസ് കുത്തിവെപ്പുകൾ ആദ്യ കുത്തിവെപ്പ് കഴിഞ്ഞ് 12 ആഴ്ച്ചകൾക്ക് ശേഷം നൽകുന്നതിനായാണ് കുവൈറ്റ് പദ്ധതിയിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനം ദിനങ്ങളിലായി കുവൈറ്റിലെ COVID-19 വാക്സിനേഷൻ വിപുലീകരിക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്. 2021 സെപ്റ്റംബറോടെ ഏതാണ്ട് 2 ദശലക്ഷം പേർക്ക് വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.