ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 40-ൽ നിന്ന് 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരമാവധി പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
2021 ഏപ്രിൽ 17-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതുവരെ 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായിരുന്നു വാക്സിൻ കുത്തിവെപ്പുകൾക്ക് മുൻഗണന നൽകിയിരുന്നത്.
ഖത്തറിലെ ദേശീയ COVID-19 വാക്സിനേഷൻ യത്നം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ പുതിയ തീരുമാനത്തോടെ 35 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികൾ ഉൾപ്പടെ മുഴുവൻ പേർക്കും വാക്സിനേഷനിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രാജ്യത്ത് ഇതുവരെ പന്ത്രണ്ട് ലക്ഷത്തിൽ പരം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്.
“വാക്സിൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 35 വയസ്സ് ആക്കുന്നതിലൂടെ സമൂഹത്തിലെ കൂടുതൽ പേരിലേക്ക് COVID-19 വാക്സിൻ എത്തിക്കുന്നതിനും, ഇതിലൂടെ രോഗബാധയ്‌ക്കെതിരെ സുരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കുന്നതാണ്. മാർച്ച് മാസത്തിന് ശേഷം നിലവിൽ ആഴ്ച്ച തോറും നൽകുന്ന വാക്സിൻ ഡോസ് ഏതാണ്ട് ഇരട്ടിയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസങ്ങൾക്കിടയിൽ മാത്രം രാജ്യത്തെ 35-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി ഒന്നരലക്ഷം ഡോസിലധികം കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്.”, ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ച വ്യാധി രോഗവിഭാഗം തലവനും, രാജ്യത്തെ COVID-19 പ്രതിരോധം നയിക്കുന്ന നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനുമായ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി. ഖത്തറിലെ പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒരാൾക്ക് വീതം ഒരു ഡോസ് വാക്സിൻ കുത്തിവെപ്പെങ്കിലും നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിൽ നിലവിൽ ഫൈസർ, മോഡേണ എന്നീ രണ്ട് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണ്. വാക്സിനേഷനിൽ പങ്കെടുക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. https://app-covid19.moph.gov.qa/en/instructions.html എന്ന വിലാസത്തിൽ ഈ നടപടി പൂർത്തിയാക്കാവുന്നതാണ്. വാക്സിൻ കുത്തിവെപ്പ് നൽകുന്ന തീയ്യതി സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരെ നേരിട്ടറിയിക്കുന്നതാണ്.