ബഹ്‌റൈൻ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 18-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ രജിസ്‌ട്രേഷൻ 2022 ജനുവരി 19, ബുധനാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. ഈ പ്രായവിഭാഗക്കാർക്ക് നൽകുന്നതിനുള്ള വാക്സിൻ രാജ്യത്തെത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.

ഈ പ്രായവിഭാഗത്തിൽപ്പെടുന്ന തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് താത്പര്യമുള്ള രക്ഷിതാക്കൾക്ക് BeAware ആപ്പിലൂടെയോ, https://healthalert.gov.bh/en/ എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഈ പ്രായവിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിന് മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

സിത്ര മാളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ നൽകുന്നത്. ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ ലഭിക്കുന്നതിന് രക്ഷിതാവിന്റെ അനുവാദം ആവശ്യമാണ്. വാക്സിനെടുക്കാൻ വരുന്ന കുട്ടികൾ നിർബന്ധമായും ഒരു മുതിർന്ന വ്യക്തിയോടൊപ്പമായിരിക്കണം വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്.

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 2021 നവംബറിൽ ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു.

Cover Image: Bahrain MoH.