ഒമാൻ: വസ്ത്ര വ്യാപാര കേന്ദ്രങ്ങൾക്ക് അറിയിപ്പുമായി മന്ത്രാലയം

GCC News

രാജ്യത്തെ വസ്ത്ര നിർമ്മാണ രീതികൾ, രൂപകൽപന എന്നിവയിൽ നിലവിൽ പിന്തുടരുന്ന മാനദണ്ഡങ്ങളിൽ നിന്ദ്യമെന്ന് കരുതാവുന്ന മാറ്റങ്ങൾ വരുത്തുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാനിലെ വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, വസ്ത്ര വിപണനശാലകൾ മുതലായവ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2024 ഏപ്രിൽ 1-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒമാനി ഫാഷൻ മാതൃകകളിൽ മര്യാദാലംഘനം തോന്നിക്കുന്ന വീഴ്ചകൾ വരുത്തരുതെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

ഈദുൽ ഫിത്ർ അടുത്ത് വരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വസ്ത്രങ്ങളിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് രാജ്യത്തിൻറെ ദേശീയ വ്യക്തിത്വം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മന്ത്രാലയം വ്യക്തമാക്കി.

  • വസ്ത്രങ്ങളുടെ കൈകളിൽ ഒമാന്റെ രാജകീയ മുദ്ര, ഔദ്യോഗിക ദേശീയ അടയാളം എന്നിവ തുന്നിപ്പിടിപ്പിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുൻ‌കൂർ അനുമതി കൂടാതെ ഇത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
  • പൊതു മൂല്യങ്ങൾ, ഇസ്ലാമിക നിയമങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത അടയാളങ്ങൾ, പൊതുഇടങ്ങളിൽ അനുവദിക്കാനാകാത്ത നിന്ദ്യകരമായ വാചകങ്ങൾ, വാക്കുകൾ, മുദ്രകൾ, സ്പോർട്സ് ക്ലബുകളുടെ ലോഗോകൾ, വ്യാപാരമുദ്രകൾ, വ്യക്തികളുടെയും, മൃഗങ്ങളുടെയും ചിത്രങ്ങൾ തുടങ്ങിയവയും വസ്ത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.