ഖത്തർ: വലത് വശത്ത് കൂടി വാഹനങ്ങൾ മറികടക്കുന്നതിനെതിരെ മുന്നറിയിപ്പ്

Qatar

രാജ്യത്തെ റോഡുകളിൽ വലത് വശത്ത് കൂടി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 ഏപ്രിൽ 1-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വലത് വശത്ത് കൂടിയുള്ള ഓവർടേക്കിങ് വീണ്ടുവിചാരമില്ലാത്ത ഡ്രൈവിംഗ് ശൈലിയായാണ് കണക്കിലാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഡ്രൈവിംഗ് രീതികൾ മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കുന്നതിന് തുല്യമാണെന്നും, ഇത് പലപ്പോഴും ട്രാഫിക് അപകടങ്ങളിലേക്ക് നയിക്കാറുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിൽ, റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വലത് വശത്ത് കൂടി ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിന് വിവിധ റോഡുകളിൽ സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങൾ വലത് വശത്ത് കൂടിയുള്ള ഓവർടേക്കിങ് സംബന്ധിച്ച നിയമലംഘനങ്ങൾ സ്വയം കണ്ടെത്തുന്നതിന് പര്യാപ്തമായവയാണ്. ഇത്തരം ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഖത്തറിൽ ആയിരം റിയാൽ പിഴ ചുമത്തുന്നതാണ്.