എവിടെ നിന്ന് വന്നു, എങ്ങിനെ വന്നു എന്ന തരത്തിലുള്ള ആലോചനകൾക്കുള്ള സമയമല്ലിത്. ഭാഗ്യക്കേടോ, ദുർവിധിയോ ഒന്നുമല്ല, മറിച്ച് COVID-19 എന്നത് ഒരു രോഗാവസ്ഥയാണ്. രോഗം അതിവേഗം വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ഓരോ വീടുകളും ആരോഗ്യമേഖലയ്ക്ക് കരുത്തേകുന്ന കണ്ണികളായി പരസ്പ്പരം സഹകരിക്കേണ്ടത് ഒരു അനിവാര്യതയായി കാണണം.
തർക്കങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും നമുക്ക് ഈ സമയം മാറ്റിവയ്ക്കാം; പകരം പടർന്നു കയറുന്ന ഒരു രോഗാവസ്ഥയെ മറികടക്കാൻ ഓരോ വീടും സജ്ജമാക്കേണ്ട സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത് എന്ന തിരിച്ചറിവ് നമ്മളിൽ ഓരോരുത്തർക്കും വന്നുചേരണം. നമ്മുടെ നാട്ടിലെ ആരോഗ്യപ്രവർത്തകർക്കും, സന്നദ്ധ സംവിധാനത്തിനും കരുത്തേകേണ്ടത് നമ്മൾ കൂടിയാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. അസുഖത്തിൻറെ തീവ്രത മനസ്സിലേക്ക് ഗ്രഹിച്ച് ഭയം വരുത്തിവയ്ക്കാതെ, ഒരു രോഗാവസ്ഥയിൽ നാം ചെയ്യേണ്ടുന്ന പ്രാഥമിക കർത്തവ്യങ്ങൾ നിർബന്ധമായും പാലിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാൻ ഓരോരുത്തരും തയാറാവണം. ആരോഗ്യവകുപ്പിന്റെയും ഡോക്ടർമാരുടെയും നിർദ്ദേശങ്ങൾ വൈകാരികമല്ല; പകരം ഈ ഘട്ടത്തിലെ പ്രായോഗികതയാണെന്ന വിവേകബുദ്ധിയും നമ്മളിൽ ഉണ്ടാകണം.
തന്നിലേക്ക് ഈ അസുഖം കടന്നു വരില്ലെന്ന ചിന്ത നമുക്കൊരുത്തർക്കും മാറ്റിവയ്ക്കാം; പകരം വ്യക്തിപരമായ ശുചിത്വം തുടർന്നും ശീലമാക്കേണ്ടതിന്റെയും, ഓരോ വ്യക്തിയും, ഓരോ കുടുംബവും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടു കൂടി പരസ്പ്പരം കരുതലാകേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഈ രോഗവ്യാപനം തടയാൻ ഇത്തരം സുരക്ഷാ മാർഗങ്ങൾ സഹായിക്കും എന്ന പൊതുബോധ്യത്തിലേയ്ക്ക് നാം ഉണരേണ്ടതുണ്ട്. വീടുകളിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ താഴെ പങ്ക് വെക്കുന്നു… പറഞ്ഞല്ലോ, നമുക്ക് മുന്നിൽ മറ്റ് ഉപാധികളില്ല, ഈ ഘട്ടത്തിൽ പരസ്പ്പരം കരുത്തേകിയെ മതിയാകൂ.
- സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. സാനിറ്റൈസറിന്റെ ഉപയോഗം ശീലമാക്കുക.
- കുട്ടികൾക്കും, രോഗബാധിതർക്കും, പ്രായമായവർക്കും മാനസ്സികമായി ധൈര്യം പകരേണ്ടത് വളരെ അത്യാവശ്യമാണ്.
- പുറത്ത് പോകുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മാസ്കുകൾ കൃത്യമായി ധരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- കൃത്യമായ ഇടവേളകളിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഇളം ചൂടോടെ കുടിക്കാൻ കഴിയുമെങ്കിൽ നല്ലത്.
- രോഗാവസ്ഥയിലുള്ള ആളുകൾക്ക് ദഹനപ്രക്രിയ ലളിതമാക്കുന്നതാണ് നല്ലത്, അതിനായി ഘനമുള്ള ആഹാരങ്ങൾക്ക് പകരം കഞ്ഞിപോലുള്ള ആഹാരങ്ങൾ കഴിക്കുകയാകും അഭികാമ്യം.
- തണുപ്പുള്ള ആഹാരങ്ങളും, ജംഗ് ഫുഡ്സും കുറച്ച് ദിവസത്തേയ്ക്ക് ഒഴിവാക്കാം. ‘കഴിച്ചാലെന്താ?’ എന്ന ചോദ്യത്തിന് ഈ ഘട്ടത്തിൽ ഉത്തരമില്ല.
- ശ്വാസതടസ്സം തോന്നുകയോ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടോ തോന്നിയാൽ ശരീരത്തിൻറെ പുറകുവശം ചാരി കിടക്കാതെ അൽപ്പം ചെരിഞ്ഞോ, കമിഴ്ന്നു കിടന്നോ (Proning Method) ശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കണം. ഗർഭിണികൾ, നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിലുള്ളവർ , ഓപ്പറേഷൻ കഴിഞ്ഞവർ, ഹൃദയാഘാതം മുൻപ് വന്നിട്ടുള്ളവർ എന്നിവർ ആരോഗ്യ വിദഗ്ധരുമായി പരിശോധിച്ച ശേഷമേ ഈ ശ്വസന പ്രക്രിയ ഉപാധികൾ സ്വീകരിക്കാൻ പാടുകയുള്ളു.
- മദ്യപാനവും പുകവലിയും നമ്മുടെ ശ്വസനക്രമത്തെയും, രോഗപ്രതിരോധശേഷിയെയും കുറയ്ക്കുന്നതിനാൽ ഈ ഘട്ടത്തിൽ അവ ഒഴിവാക്കുന്നതായിരിക്കും നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് നല്ലത്.
- എല്ലാവരും, പ്രത്യേകിച്ച് ചെറുപ്പക്കാർ, ഈ അവസരത്തിൽ അനാവശ്യമായി വീടിനു പുറത്ത് സഞ്ചരിക്കുന്നതും, കൂട്ടം ചേർന്ന് സമയം ചെലവഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്വബോധം മുൻനിർത്തിയല്ലെങ്കിലും, സ്വന്തം വീടുകളിലെ പ്രായമായവർക്ക് രോഗം പകർന്ന് കൊടുക്കുന്നത് ഒഴിവാക്കാൻ ഇത് വളരെയധികം സഹായിക്കുന്നതാണ്. ഓർക്കുക, നിലവിൽ കുടുംബാംഗങ്ങൾക്കിടയിൽ COVID-19 രോഗവ്യാപനം അതിതീവ്രമാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
- രോഗാവസ്ഥയിലുള്ളവർ കൃത്യമായ ഇടവേളകളിൽ മൂത്രം ഒഴിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിൽ മൂത്രം കെട്ടി നിൽക്കുന്നതുമൂലം ശരീരോഷ്മാവ് കൂടുന്നതിനും രക്തസമ്മർദ്ദം ഉയരുന്നതിനും കാരണമായേക്കാവുന്നതാണ്.
വീടുകളിൽ ഇത്തരം സന്ദർഭങ്ങളിൽ പരസ്പ്പരം കരുത്തായി കൂടെയുള്ളവർ നിൽക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും സാഹചര്യത്തിൽ ആശുപത്രി സേവനങ്ങൾ വേണ്ടി വന്നാൽ ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പറായ 1056 (DISHA Helpline – Toll free) ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറുകൾ അറിയാനായി ഈ ലിങ്ക് പരിശോധിക്കുക : https://kerala.gov.in/helpline
പണ്ടെല്ലാം നമുക്ക് ഒരു അസുഖം വരുമ്പോൾ വീടുകളിൽ തന്നെ ആശ്വാസമേകിയിരുന്ന അമ്മമാരുടെ ഒരു കരുതൽ സ്പർശമുണ്ടായിരുന്നു. കുടുംബങ്ങൾക്കിടയിൽ ആ കരുതൽ തിരികെ നേടിയേ മതിയാകൂ. ഓർക്കുക, എതിർപ്പുകളില്ലാത്ത പരസ്പ്പര സഹകരണംകൊണ്ട് നമുക്ക് ഈ പ്രതിസന്ധി മറികടക്കേണ്ടതുണ്ട്…
Cover Photo: pixabay.com