ഇന്ത്യൻ എംബസി അറിയിപ്പ്: പ്രവാസികൾക്ക് പിഴ കൂടാതെ ഒമാനിൽ നിന്ന് മടങ്ങുന്നതിനുള്ള ആനുകൂല്യം മാർച്ച് 31-ന് അവസാനിക്കും

featured GCC News

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി, 2021 മാർച്ച് 31-ന് അവസാനിക്കുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തെ ഓർമ്മപ്പെടുത്തി. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്.

ഇത്തരം പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനായി 2020 നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവാണ് നേരത്തെ ഒമാൻ തൊഴിൽ മന്ത്രാലയം അനുവദിച്ചിരുന്നത്. പിന്നീട് ഈ പദ്ധതിയുടെ ആനുകൂല്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി, 2021 മാർച്ച് 31 വരെ തുടരാൻ തൊഴിൽ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ഇത്തരത്തിൽ ഒമാനിൽ നിന്ന് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്. ഇതിന് പുറമെ സനദ് ഓഫിസുകൾ വഴിയും, എംബസികൾ മുഖാന്തരവും ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒമാനിൽ നിന്ന് നിയമപരമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

ഈ അവസരം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന സാധുതയുള്ള യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാർക്ക് പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് (EC) നൽകുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒമാനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ യാത്രാരേഖകൾ കൈവശമില്ലാത്ത ഇന്ത്യക്കാരോട് എമർജൻസി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ നൽകാനുള്ള ആഹ്വാനം എംബസി ആവർത്തിച്ചു.

ഈ പൊതുമാപ്പ് കാലാവധിയുടെ പ്രയോജനം ഉപയോഗപ്പെടുത്തുന്നതിനായി താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങളാണ് ഒമാനിലെ ഇന്ത്യൻ എംബസി നൽകിയിട്ടുള്ളത്:

  • ഒമാൻ മിനിസ്ട്രി ഓഫ് ലേബർ പോർട്ടലിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഇത് നേരിട്ടോ, അല്ലെങ്കിൽ സന്നദ്ധ സംഘടനകളുടെ സഹായത്താലോ, എംബസിയുടെ സഹായത്താലോ ചെയ്യാവുന്നതാണ്.
  • മിനിസ്ട്രി ഓഫ് ലേബറിൽ നിന്ന് അനുമതി ലഭിക്കുന്നവർക്ക് യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതിന് ശേഷം COVID-19 ടെസ്റ്റ് റിസൾട്ടുമായി മസ്കറ്റ് എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യാവുന്നതാണ്.
  • സാധുതയുള്ള യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാർക്ക് മസ്‌കറ്റിലെ BLS ഇന്റർനാഷണൽ കേന്ദ്രത്തിൽ നിന്നോ, വിവിധ ഇടങ്ങളിലുള്ള ഇതിന്റെ ഒമ്പത് കളക്ഷൻ സെന്ററുകളിൽ നിന്നോ എമർജൻസി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ ഇന്ത്യൻ എംബസിയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്:

ഇമെയിൽ:

  • രജിസ്‌ട്രേഷൻ: cw.muscat@mea.gov.in
  • എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾക്ക്: cons.muscat@mea.gov.in

ഹെല്പ് ലൈൻ നമ്പറുകൾ:

  • രജിസ്‌ട്രേഷൻ:(+968) 80071234, 94149703
  • എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾക്ക്: (+968) 93577979, 79806929, 24695981