അബുദാബി: സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകുമെന്ന് DoH

featured UAE

രണ്ട് ഡോസ് സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. മെയ് 29-നാണ് അബുദാബി DoH ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സിനോഫാം COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് ചുരുങ്ങിയത് 6 മാസം പൂർത്തിയാക്കിയവർക്കാണ് മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നതെന്ന് അബുദാബി DoH വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ 100-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഈ ബൂസ്റ്റർ ഡോസുകൾ ലഭ്യമാണെന്നും അബുദാബി DoH കൂട്ടിച്ചേർത്തു.

ബൂസ്റ്റർ ഡോസിനർഹരായവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി (വാക്-ഇൻ) ഇവ സ്വീകരിക്കാമെന്നും DoH അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://www.doh.gov.ae/ എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി സിനോഫോം വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി മെയ് 18-ന് അറിയിച്ചിരുന്നു. രാജ്യത്തെ നിവാസികൾക്ക് കൊറോണ വൈറസിനെതിരായ പരമാവധി സംരക്ഷണം നൽകുന്നത് ലക്ഷ്യമിട്ടാണ് രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനായുള്ള ഈ അധിക ഡോസ് നൽകുന്നത്.

എമിറേറ്റിലെ നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി DoH കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.