സൗദി: COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം പ്രത്യേക ഐസൊലേഷൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

GCC News

കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക്, കുത്തിവെപ്പെടുത്ത ശേഷം പ്രത്യേക മെഡിക്കൽ ഐസൊലേഷൻ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻപായി പ്രത്യേക ലാബ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

എന്നാൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ ഉൾപ്പടെ മുഴുവൻ പേരും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും തുടരേണ്ടതുണ്ടെന്ന് മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകി വരുന്ന ഫൈസർ വാക്സിൻ, ആസ്ട്രസെനേക്ക വാക്സിൻ എന്നിവ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയവയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവ സുരക്ഷിതവും, കൊറോണവൈറസിനെതിരെ ഫലപ്രദമാണെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിനെതിരെ ഉയർന്ന രോഗപ്രതിരോധശക്തി നേടുന്നതിന് ഈ വാക്സിനുകൾ സഹായകമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

COVID-19 രോഗമുക്തി നേടിയവർ രോഗം ഭേദമായി ആറ് മാസത്തിന് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും, ഇവർക്ക് ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് എടുത്താൽ മതിയെന്നും മന്ത്രാലയം വ്യക്തമാക്കി.

വാഹനങ്ങളിലിരുന്ന് കൊണ്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സഹായിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ സൗദിയിലെ നാല് നഗരങ്ങളിൽ പ്രവർത്തനമാരംഭിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Cover Photo: @SaudiMOH