ഖത്തറിലേക്ക് പ്രവേശിക്കുന്ന പ്രവാസികളുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾ, ജി സി സി പൗരന്മാർ മുതലായവർക്കേർപ്പെടുത്തിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയാതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 21-ന് രാത്രിയാണ് മന്ത്രാലയം പുതുക്കിയ യാത്രാ നിബന്ധനകൾ അറിയിച്ചിട്ടുള്ളത്.

ഈ അറിയിപ്പ് പ്രകാരം, സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾ, ജി സി സി പൗരന്മാർ മുതലായവർക്ക് ഖത്തർ നിർദ്ദേശിച്ചിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഖത്തറിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ, ജി സി സി പൗരന്മാർ എന്നിവർക്ക് യാത്രയ്ക്ക് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണ്. യാത്ര പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ലാബുകളിൽ നിന്നുള്ള PCR ടെസ്റ്റ് റിപ്പോർട്ടുകൾക്കാണ് ഖത്തറിൽ സാധുതയുള്ളത്.

ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും തങ്ങളുടെ ഫോണിൽ ഖത്തർ അംഗീകരിച്ചിട്ടുള്ള സിം കാർഡുകൾ ഉപയോഗിക്കേണ്ടതാണ്. ഇത്തരം ഫോണുകളിൽ ‘Ehteraz’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രവർത്തനക്ഷമമാക്കേണ്ടതുമാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കുള്ള നിർദ്ദേശങ്ങൾ:

  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾ, ജി സി സി പൗരന്മാർ മുതലായവർക്ക് ഖത്തറിൽ പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്നതാണ്. രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്കാണ് ഈ ഇളവ് അനുവദിക്കുന്നത്. ഈ ഇളവ് ലഭിക്കുന്നതിനായി ഇവർ വാക്സിൻ സ്വീകരിച്ചതായി തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കേണ്ടതാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ രക്ഷിതാക്കളോടൊപ്പം ഖത്തറിൽ പ്രവേശിക്കുന്ന വാക്സിൻ കുത്തിവെപ്പെടുക്കാത്ത 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് 7 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഇതിനായുള്ള ഹോട്ടലുകൾ ഡിസ്കവർ ഖത്തർ സംവിധാനത്തിലൂടെ മുൻക്കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഇത്തരം രക്ഷിതാക്കളിൽ ഒരാൾ കുട്ടികളോടൊപ്പം ക്വാറന്റീനിൽ തുടരേണ്ടതാണ്.
  • COVID-19 രോഗമുക്തരായ പ്രവാസികൾ, ജി സി സി പൗരന്മാർ മുതലായവർ ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഖത്തറിൽ പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. ഇതിനായി ഇവർ രോഗമുക്തി സംബന്ധിച്ച കൃത്യമായ രേഖകൾ ഹാജരാക്കേണ്ടതും, ഖത്തറിൽ പ്രവേശിക്കുന്നതിന് മുൻപ് നേടിയ നെഗറ്റീവ് PCR റിസൾട്ട് ഹാജരാക്കേണ്ടതുമാണ്.

ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, അബു സമ്ര ബോർഡർ ക്രോസിങ്ങ് എന്നിവിടങ്ങളിലൂടെ പ്രവേശിക്കുന്നവർക്കാണ് ഈ ഇളവുകൾ നൽകുന്നത്.

ക്വാറന്റീൻ ഇളവുകൾ ലഭിക്കുന്നതിനായി പ്രവാസികൾ, ജി സി സി പൗരന്മാർ എന്നിവർ താഴെ പറയുന്ന രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്:

  • കൃത്യമായ വാക്സിനേഷൻ തീയ്യതി രേഖപ്പെടുത്തിയിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്.
  • രോഗമുക്തി നേടിയവർ രോഗബാധ വന്ന തീയ്യതി രേഖപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • യാത്രയ്ക്ക് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിപ്പോർട്ട്.
  • പ്രവാസികൾ, ജി സി സി പൗരന്മാർ എന്നിവർ ഖത്തറിൽ പ്രവേശിക്കുന്ന അവസരത്തിൽ ഒരു തവണ കൂടി PCR പരിശോധന നടത്തേണ്ടതാണ്. ഇതിനായി 300 റിയാൽ ഫീ ഈടാക്കുന്നതാണ്.

താഴെ പറയുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകളെടുത്തവർക്ക് മാത്രമാണ് ക്വാറന്റീൻ ഇളവുകൾ നൽകുന്നത്:

  • ഫൈസർ ബയോഎൻടെക്.
  • മോഡർണ.
  • ആസ്ട്രസെനേക.
  • കോവിഷീൽഡ്.
  • ജോൺസൺ ആൻഡ് ജോൺസൺ.
  • സിനോഫാം.

എന്നാൽ ഈ പുതിയ അറിയിപ്പ് പ്രകാരമുള്ള ക്വാറന്റീൻ ഇളവുകൾ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ, ജി സി സി പൗരന്മാർ മുതലായവർക്ക് ബാധകമല്ലെന്നും, ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2021 ഏപ്രിൽ 29 മുതൽ ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.