യു എ ഇ: COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് മുൻഗണന പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമാണെന്ന് NCEMA

UAE

COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണന 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കൊറോണ വൈറസ് രോഗബാധമൂലം മറ്റു ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാൻ സാധ്യതയുള്ളവർക്കുമായിരിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. മെയ് 25-ലെ NCEMA-യുടെ പത്രസമ്മേളനത്തിലാണ് ഈ അറിയിപ്പ്.

ഈ ബൂസ്റ്റർ ഡോസിനായി അർഹതയുള്ളവരെ പ്രത്യേക മെഡിക്കൽ സംഘം നടത്തുന്ന പരിശോധനകളിലൂടെ കണ്ടെത്തുമെന്നും NCEMA വ്യക്തമാക്കി. ഇത്തരക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധന മുൻ‌കൂർ അനുമതികളുടെ അടിസ്ഥാനത്തിൽ നടത്തുന്നതാണ്.

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി സിനോഫോം വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി മെയ് 18-ന് യു എ ഇ ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക പ്രതിനിധി ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചിരുന്നു. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം എന്ന രീതിയിലാണ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതെന്നും അന്ന് ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ നിവാസികൾക്ക് കൊറോണ വൈറസിനെതിരായ പരമാവധി സംരക്ഷണം നൽകുന്നത് ലക്ഷ്യമിട്ടാണ് രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനായുള്ള ഈ അധിക ഡോസ് നൽകുന്നത്.