സൗദി: ഏതാനം വിഭാഗങ്ങൾക്ക് തൊഴിലിടങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

GCC News

രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ഏതാനം വിഭാഗങ്ങൾക്ക് തൊഴിലിടങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. കൊറോണ വൈറസ് സാഹചര്യത്തിൽ ആരോഗ്യ കാരണങ്ങളാൽ പൊതുഇടങ്ങളിൽ നേരിട്ടെത്തുന്നതിൽ ബുദ്ധിമുട്ടുള്ള വിഭാഗങ്ങൾക്കാണ് ഇത്തരത്തിൽ ഇളവ് നൽകുന്നത്.

സൗദിയിലെ പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് പുതുക്കിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് സൗദിയിലെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കുന്നത്:

  • അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.
  • വിട്ടുമാറാത്ത ശ്വാസകോശസംബന്ധമായ ആസ്ത്മ പോലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ. ഇവർക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ ഈ രോഗസംബന്ധമായി ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ടെങ്കിലാണ് ഈ ഇളവ് ലഭിക്കുന്നത്.
  • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരു തവണയെങ്കിലും ഹാർട്ട് അറ്റാക്ക് വന്നിട്ടുള്ള ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ.
  • പാരമ്പര്യമായി പ്രതിരോധ ശേഷി കുറവുള്ളവർ, അനീമിയ പോലുള്ള രോഗങ്ങളുള്ളവർ.
  • AIDS മൂലമോ, അവയവമാറ്റ ശസ്ത്രക്രിയ മൂലമോ, കാൻസർ മരുന്നുകളോ, മറ്റു മരുന്നുകളുടെയോ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ളവർ.
  • ഗുരുതരമായ പൊണ്ണത്തടിയുള്ളവർ.
  • ഗുരുതരമായ പ്രമേഹം (ആറ് മാസത്തിനിടെ ഈ രോഗസംബന്ധമായി ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ടെങ്കിൽ), ഉയർന്ന രക്തസമ്മർദം (ആറ് മാസത്തിനിടെ ഈ രോഗസംബന്ധമായി ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ടെങ്കിൽ), കിഡ്നി സംബന്ധമായ അസുഖങ്ങൾ, കരള്‍വീക്കം മുതലായ രോഗങ്ങളുള്ളവർ.
  • മാനസികമായ പ്രശ്നങ്ങളുള്ളവർ.

ഈ ഇളവ് ലഭിക്കുന്നതിനായി ഈ വിഭാഗങ്ങളിൽ പെടുന്നവർ തൊഴിലുടമകൾക്ക് തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് നൽകേണ്ടതാണ്. മുകളിൽ പറഞ്ഞവരിൽ, ‘Tawakkalna’ ആപ്പിലെ സ്റ്റാറ്റസ് പ്രകാരം പൂർണ്ണമായും വാക്സിനെടുത്തവർ, ആദ്യ ഡോസ് വാക്സിനെടുത്തവർ, COVID-19 രോഗമുക്തരായവർ എന്നിവർക്ക് മേൽ പറഞ്ഞ ഇളവ് ലഭിക്കുന്നതല്ല.