രാജ്യവ്യാപകമായി COVID-19 രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ വിവിധ ഇന്ത്യൻ നഗരങ്ങൾ നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ച് തുടങ്ങി. ഏതാനം ദിവസങ്ങളായി രാജ്യത്തൊട്ടാകെയുള്ള COVID-19 വ്യാപനത്തിൽ കഴിഞ്ഞ രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന പ്രതിദിന രോഗബാധിതരുടെ എണ്ണം രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇളവുകൾ അനുവദിക്കാനുള്ള തീരുമാനം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ന്യൂഡൽഹിയിലും, മുംബൈയിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ ജൂൺ 7 മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഓഫീസുകൾ തിങ്കളാഴ്ച മുതൽ 50 ശതമാനം പേർ നേരിട്ടെത്തുന്ന രീതിയിൽ വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാധ്യമസമ്മേളനത്തിൽ പറഞ്ഞു. മാർക്കറ്റുകളും മാളുകളും ഒറ്റ-ഇരട്ട അടിസ്ഥാനത്തിൽ രാവിലെ 10 മുതൽ രാത്രി 8 വരെ തുറന്ന് പ്രവർത്തിക്കും. 50 ശതമാനം ശേഷിയിൽ ദില്ലി മെട്രോയും പ്രവർത്തനം ആരംഭിക്കും.
മുംബൈയിലും 50 ശതമാനം ശേഷിയിൽ ഓഫീസുകൾ തിങ്കളാഴ്ച മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കാൻ അനുവദിക്കും. ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിലും സേവന സമയത്തിലും റെസ്റ്റോറന്റുകൾക്ക് സമാന നിയന്ത്രണം ബാധകമാണ്. വിവാഹങ്ങളിൽ അമ്പത് പേർക്കും ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും വീതം പങ്കെടുക്കാൻ അനുമതിയുണ്ട്.
തിയേറ്ററുകൾ പോലുള്ള വിനോദ സ്ഥലങ്ങളും, മാളുകളും പൂട്ടിയിടുന്നത് തുടരും. വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വൈകുന്നേരം 4 വരെ പ്രവർത്തിക്കാം. പ്രാദേശിക ട്രെയിൻ സർവീസുകൾ അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തും. എന്നാൽ നിന്ന് യാത്ര ചെയ്യുന്നവരെ ഒഴിവാക്കി ബസുകൾക്ക് മുഴുവൻ സീറ്റിലും യാത്രക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. പ്രതിവാര പോസിറ്റിവിറ്റി നിരക്കും, ഓക്സിജൻ കിടക്കകളുടെ ലഭ്യതയും അടിസ്ഥാനമാക്കി ലോക്ക്ഡൌൺ ഇളവ് ചെയ്യുന്നതിനുള്ള അഞ്ച് തല പദ്ധതി മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
COVID-19 രോഗവ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് ദില്ലി സർക്കാർ തയ്യാറെടുക്കുകയാണെന്നും 37,000 കേസുകൾ പ്രതിദിനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ഇത് മുന്നിൽകണ്ട് കിടക്കകൾ, ഐസിയു, മരുന്നുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
WAM