കുവൈറ്റ്: ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി

Kuwait

ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 8-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.

ഈ വാക്സിനിന്റെ ഫലപ്രാപ്തി, സഫലത മുതലായവ പരിശോധിച്ച ശേഷമാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതെന്ന് ഡ്രഗ് ആൻഡ് ഫുഡ് കണ്ട്രോൾ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദ്‌ർ വ്യക്തമാക്കി. രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ ഉപയോഗിക്കുന്നതിനായി വാക്സിൻ ലഭ്യമാക്കുന്നതിന് മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈറ്റ് കരാറിലേർപ്പെട്ടതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് ബാസൽ അൽ സബാഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജോൺസൻ & ജോൺസനു കീഴിലുള്ള ജാൻസൻ വാക്‌സിൻസാണ് ഈ കൊറോണ വൈറസ് വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ഡോസ് കുത്തിവെപ്പ് എന്ന രീതിയിലാണ് ഈ വാക്സിൻ നൽകുന്നത്. ഈ വാക്സിന് മാർച്ച് 12-ന് ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയിരുന്നു.

കുവൈറ്റിൽ നിലവിൽ ഫൈസർ ബയോഎൻടെക്ക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക എന്നീ COVID-19 വാക്സിനുകൾക്കും അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.

അതേസമയം, രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.