അബുദാബി: Alhosn ഗ്രീൻ പാസിന് അംഗീകാരം; ജൂൺ 15 മുതൽ ഏതാനം പൊതുഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഗ്രീൻസ്റ്റാറ്റസ് നിർബന്ധം

featured GCC News

Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് എമിറേറ്റിൽ ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, 2021 ജൂൺ 15, ചൊവ്വാഴ്ച്ച മുതൽ എമിറേറ്റിലെ ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം നൽകുന്നതിന് ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ജൂൺ 9-ന് രാത്രിയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഇതോടെ നിവാസികൾക്കും, പൗരന്മാർക്കും എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ, പൊതു പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കുന്നതാണ്.

2021 ജൂൺ 15 മുതൽ അബുദാബിയിലെ താഴെ പറയുന്ന ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് Alhosn ആപ്പിലെ ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടുണ്ട്:

  • ഷോപ്പിംഗ് മാളുകൾ, വലിയ സൂപ്പർ മാർക്കറ്റുകൾ.
  • ജിം.
  • ഹോട്ടലുകൾ, അവയിലെ വിവിധ സേവനങ്ങൾ.
  • പൊതു പാർക്കുകൾ, ബീച്ചുകൾ.
  • സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ്ങ് പൂളുകൾ.
  • വിനോദകേന്ദ്രങ്ങൾ, സിനിമാശാലകൾ, മ്യൂസിയം.
  • റെസ്റ്ററന്റുകൾ, കഫെ.

എമിറേറ്റിലെ മര്‍മ്മപ്രധാനമായ മേഖലകളിൽ നിലവിലുള്ള പ്രവർത്തന നിബന്ധനകൾക്ക് പുറമെയാണ് ഈ പുതിയ നടപടികളെന്നും, ഇവ 16 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ള മുഴുവൻ പേർക്കും ബാധകമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

വ്യക്തികൾക്ക് രാജ്യത്ത് സുഗമമായി സഞ്ചരിക്കുന്നതിനും, വിനോദസഞ്ചാരം ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾക്ക് ജൂൺ 7-ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. ‘ഗ്രീൻ പാസ്’ ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ്, PCR ടെസ്റ്റ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ ഫെഡറൽ, പ്രാദേശിക അധികാരികൾക്ക് പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്.

വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ്, PCR റിസൾട്ട് എന്നിവ അടിസ്ഥാനമാക്കി അവരെ ആറ് വിഭാഗങ്ങളാക്കി തിരിക്കുകയും, ഇവരെ വിവിധ നിറങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു കളർ-കോഡിംഗ് സംവിധാനത്തിലൂടെ Alhosn ആപ്പിൽ കാണിക്കുകയും ചെയ്യുന്ന രീതിയിലാണ് ഗ്രീൻ പാസ് നടപ്പിലാക്കുന്നത്. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചവർ, രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർ, ആദ്യ ഡോസ് സ്വീകരിച്ചവർ, രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവർ, അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് വൈകിയവർ, വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവർ എന്നിങ്ങനെയാണ് ഗ്രീൻ പാസിൽ വിവിധ നിറങ്ങൾ ഉപയോഗിച്ച് വ്യക്തികളെ തരം തിരിച്ചിരിക്കുന്നത്.

Cover Photo: WAM