അബുദാബി: കാലാവധി അവസാനിച്ച റെസിഡൻസി, എൻട്രി വിസക്കാർക്കും സൗജന്യ COVID-19 വാക്സിൻ നൽകാൻ തീരുമാനം

UAE

എമിറേറ്റിലെ കാലാവധി അവസാനിച്ച റെസിഡൻസി, എൻട്രി വിസകളിലുള്ളവർക്കും സൗജന്യമായി COVID-19 വാക്സിൻ നൽകുന്നതിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകി. ഇത്തരത്തിൽ വിസ കാലാവധി അവസാനിച്ചവരുടെ സുരക്ഷ മുൻനിർത്തിയും, നിലവിലെ അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്തുമാണ് ഇത്തരം ഒരു തീരുമാനം.

ജൂൺ 11-ന് വൈകീട്ടാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം കാലാവധി അവസാനിച്ച റെസിഡൻസി, എൻട്രി വിസകളിലുള്ള മുഴുവൻ പേർക്കും സൗജന്യ COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്.

ഇത്തരക്കാർക്ക് തങ്ങളുടെ കൈവശമുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ – കാലാവധി അവസാനിച്ചതായാലും അനുവദിക്കുന്നതാണ് – ഉപയോഗിച്ച് കൊണ്ട് നിർദിഷ്ട വാക്സിനേഷൻ കേന്ദ്രത്തിൽ സൗജന്യ വാക്സിനായി റജിസ്റ്റർ ചെയ്യാവുന്നതാണ്.

പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, മുസഫയിൽ വ്യാപകമായതും, തീവ്രമായതുമായ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.