ദുബായിലെ ബാങ്കിംഗ്, ധനകാര്യ മേഖലയെ ബാധിക്കുന്ന സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകൾ പരിശോധിക്കുന്ന ‘ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് സെക്ടർ സീരിയയോസ് ഓഫ് റിസ്ക് ആൻഡ് റെസിലൈൻസ്’ എന്ന റിപ്പോർട്ട് ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ (DFF) പുറത്തിറക്കി. ദുബായ് പൊലീസിലെ ഫ്യൂച്ചർ ഫോർസൈറ്റ് ആൻഡ് ഡിസിഷൻ മേക്കിംഗ് സപ്പോർട്ട് സെന്ററുമായി സഹകരിച്ചാണ് DFF ഈ റിപ്പോർട്ട് പുറത്തിറക്കിയിട്ടുള്ളത്.
എമിറേറ്റിലെ നിർണായകമായ അടിസ്ഥാന സൌകര്യങ്ങളുമായി ബന്ധപ്പെട്ട ഊർജ്ജം, ജലം, സംവിധാനങ്ങൾ, ഗതാഗതം, കൃഷി, ടെലികമ്മ്യൂണിക്കേഷൻ, ആരോഗ്യ സംരക്ഷണം, ഭക്ഷണം, ബാങ്കിംഗ്, ധനകാര്യം, അടിയന്തിര സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി മേഖലകൾ പരിശോധിക്കുന്ന DFF-ന്റെ ‘ദി ഡിജിറ്റൈസേഷൻ ഓഫ് ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ’ സീരീസിന്റെ ഭാഗമാണ് പ്രസിദ്ധീകരണം. ഈ സേവനങ്ങളെ തടസ്സപ്പെടുത്തുന്നത് ഏത് തലത്തിലും ദേശീയ സമ്പദ്‌വ്യവസ്ഥ, പൊതുജനാരോഗ്യം, സുരക്ഷ, സമൂഹിക ക്ഷേമം എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാം.
“ഡിജിറ്റൽ പരിഹാരങ്ങളെ ആശ്രയിക്കുന്നതിൽ, പ്രത്യേകിച്ച് സാമ്പത്തിക മേഖലയിൽ, ശ്രദ്ധേയമായ വളർച്ചയാണ് ഇന്ന് ആഗോളതലത്തിൽ ദൃശ്യമാകുന്നത്. സാമ്പത്തിക അടിസ്ഥാന സൌകര്യങ്ങൾക്ക് നിരവധി ഭീഷണികൾ ഉയരുന്നുണ്ട്. ഇത്തരം ഭീഷണികൾ സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അതിനാൽ, സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് സ്വകാര്യ, പൊതുമേഖലകൾ തമ്മിലുള്ള സഹകരണം അനിവാര്യമാണ്.”, ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വ്യക്തമാക്കി.
സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ നേരിടാൻ എമിറേറ്റിലെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ശ്രമങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള പ്രധാന ഉദാഹരണമാണ് ദുബായ് പൊലീസിലെ ഫ്യൂച്ചർ ഫോർസൈറ്റ് ആൻഡ് ഡിസിഷൻ മേക്കിംഗ് സപ്പോർട്ട് സെന്ററും DFF-മായുള്ള സഹകരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ലോകത്തിന്റെ പല ഭാഗങ്ങളിലും സൈബർ ആക്രമണങ്ങളും മറ്റും നിരവധി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം അനുനിമിഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രാധാന്യം വലുതാണ്.”, ദുബായിലെയും യുഎഇയിലെയും വിവിധ മേഖലകളെക്കുറിച്ചുള്ള ഭാവി അറിവ് സമ്പുഷ്ടമാക്കുന്നതിൽ ഫൗണ്ടേഷന്റെ പങ്ക് എടുത്തുകാട്ടിക്കൊണ്ട് DFF സിഇഒ ഖൽഫാൻ ബെൽഹോൾ പറഞ്ഞു. “ദുബായ് പൊലീസുമായുള്ള ഞങ്ങളുടെ പങ്കാളിത്തം യുഎഇ നേതൃത്വത്തിന്റെ വിവേകപൂർണ്ണമായ ഗവൺമെൻറ് പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യയെ സ്വാധീനിക്കുന്ന ആഗോള നേതൃനിരയിലാണ് ദുബായിയുടെ സ്ഥാനം. റെസിഡൻസി വിസ നൽകുന്നത് മുതൽ പാർക്കിംഗ് ഫീസ് അടയ്ക്കുന്നതുവരെ എമിറേറ്റ് ഇതിനകം തന്നെ മിക്ക പൊതു സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
നിലവിലെ ഡിജിറ്റലൈസേഷൻ മൂലം സൈബർ ആക്രമണങ്ങളുടെ അപകടസാധ്യത എങ്ങനെയാണ് വർദ്ധിക്കുന്നതെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള സൈബർ സുരക്ഷ വിപണി 2019 ൽ 167.1 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2023 ഓടെ 248.26 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു, ഇത് 10.4 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) കൈവരിക്കും. 2019-ൽ ലോകത്തെ സാമ്പത്തിക നേതൃനിരയിൽ എട്ടാം സ്ഥാനത്താണ് ദുബായ്. ജിസിസി മേഖലയിലെ ഏറ്റവും വലിയ ബാങ്കിംഗ് വ്യവസായവും ദുബായിലാണ്.
WAM