ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ: ഖത്തറിൽ മെട്രോ സേവനങ്ങൾ 30% ശേഷിയിൽ തുടരും

GCC News

2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്ന രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടത്തിൽ മെട്രോ സേവനങ്ങൾ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ സേവനങ്ങൾ തുടരുന്നതാണ്. ബസുകളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് അനുമതി എന്നതും തുടരുന്നതാണ്.

മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ ആഴ്ച്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുമെന്നും, ഇവയിലെ സേവനങ്ങൾ 30% ശേഷിയിൽ തുടരുമെന്നും ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻ വ്യക്തമാക്കി. മുഴുവൻ COVID-19 സുരക്ഷാ നിബന്ധനകളും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

EHTERAZ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതി. മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്. പുകവലി, ഭക്ഷണപാനീയങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.

ഇളവുകളുടെ രണ്ടാം ഘട്ടം ജൂൺ 18 മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഖത്തർ ക്യാബിനറ്റ് ജൂൺ 16-ന് അംഗീകാരം നൽകിയിരുന്നു. ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇളവുകളുടെ രണ്ടാം ഘട്ടം വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഈ ഇളവുകൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതൽ ഖത്തർ നടപ്പിലാക്കിയിട്ടുണ്ട്.

രണ്ടാം ഘട്ട ഇളവുകളുടെ ഭാഗമായി, ജൂൺ 18 മുതൽ വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകുന്നതിനും, കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Cover Image: @QatarRail