അബുദാബി: അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കാൻ തീരുമാനം

UAE

2021-2022 അധ്യയന വർഷത്തിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും, നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കുന്നതിനുമുള്ള തീരുമാനത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി. എമിറേറ്റിലെ രക്ഷിതാക്കൾ, അധ്യാപകർ, സ്‌കൂൾ അധികൃതർ, സ്‌കൂൾ പ്രിൻസിപ്പൽമാർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം.

വിദ്യാർത്ഥികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചും, നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നത് സംബന്ധിച്ചും 2021 മെയ്, ജൂൺ മാസങ്ങളിൽ രക്ഷിതാക്കൾ, അധ്യാപകർ, സ്‌കൂൾ അധികൃതർ തുടങ്ങിയവരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. എമിറേറ്റിലെ വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവരിൽ 80 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതും ഇത്തരം ഒരു തീരുമാനം സ്വീകരിക്കുന്നതിന് കാരണമായിട്ടുണ്ട്.

വിദൂര വിദ്യാഭ്യാസ രീതിയുടെ പരിമിതികൾ കണക്കിലെടുത്താണ് നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ അധികൃതർ സംഘടിപ്പിച്ചത്. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് തിരികെ അയക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായവും ഇതിന്റെ ഭാഗമായി അധികൃതർ ശേഖരിച്ചിരുന്നു. എമിറേറ്റിലെ വിവിധ വിദ്യാലങ്ങളിലെ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഏതാണ്ട് ഒരു ലക്ഷത്തോളം രക്ഷിതാക്കൾ ഇതിന്റെ ഭാഗമായി നടത്തിയ സർവേയിൽ പങ്കെടുത്തു. ഇതിൽ ഏതാണ്ട് 88 ശതമാനത്തോളം പേരും കുട്ടികൾ വിദ്യാലയങ്ങളിലെത്തുന്നത് അനുകൂലിച്ചതായാണ് റിപ്പോർട്ട്. വാക്സിനേഷൻ നടപടികൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കളും ചൂണ്ടികാട്ടി.