ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ ജൂൺ 24 മുതൽ പുനരാരംഭിക്കും

UAE

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട്സ് അറിയിച്ചു. ഇതോടൊപ്പം കോൺകോർസ് D-യുടെ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നതാണ്.

COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ 2020 മാർച്ച് 25 മുതൽ ഭാഗികമായി നിർത്തിവെച്ചതിനെത്തുടർന്ന് ടെർമിനൽ 1, കോൺകോർസ് ഡി എന്നിവ അടച്ചിട്ടിരിക്കുകയാണ്. “യു എ ഇയിൽ നിന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ക്വാറന്റീൻരഹിത യാത്രാപാതകൾ തുറക്കുന്നതിനും, അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിനുമായുള്ള ആഗോള പ്രചാരണപരിപാടികളുടെ മുൻനിരയിൽ ദുബായ് വിമാനത്താവളം എന്നും ഉണ്ടെന്ന് ഈ നീക്കം ഉറപ്പ്‌വരുത്തുന്നു.”, ടെർമിനൽ 1 വീണ്ടും തുറക്കുന്നതിനെ സ്വാഗതം ചെയ്ത് കൊണ്ട് ദുബായ് വിമാനത്താവളങ്ങളുടെ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.

“ഈ വർഷത്തെ ബാക്കിയുള്ള കാലയളവിൽ വ്യോമയാന മേഖലയിൽ പുത്തനുണർവ് നൽകാൻ ഈ നീക്കം കൊണ്ട് സാധിക്കും എന്ന ശുഭാപ്തിവിശ്വാസം ഞങ്ങൾക്കുണ്ട്. വ്യോമയാന മേഖലയിലെ ആഗോളതലത്തിലെ സാമൂഹികവും സാമ്പത്തികവുമായ വീണ്ടെടുക്കൽ സാധ്യമാക്കുന്നതിന് ഈ നീക്കം പ്രചോദനമേകുമെന്നും ഞങ്ങൾ കരുതുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ടെർമിനൽ 1, കോൺകോർസ് ഡി എന്നിവ തുറന്ന് പ്രവർത്തിക്കുന്നതോടെ, നിലവിൽ ടെർമിനൽ 2, 3 എന്നിവയിൽ നിന്ന് പ്രവർത്തിക്കുന്ന നാല്പതിലധികം അന്താരാഷ്ട്ര വ്യോമയാന സേവനദാതാക്കൾക്ക് തങ്ങളുടെ സേവനങ്ങൾ എയർപോർട്ടിലെ അവരവരുടെ ഹോം ടെർമിനലുകളിൽ നിന്ന് നൽകുന്നതിന് സാധ്യമാകുന്നതാണ്. വ്യോമയാന സേവനങ്ങളുടെ ടെർമിനൽ മാറ്റം സംബന്ധിച്ച നടപടികൾ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനാൽ, യാത്രികർ എയർപോർട്ടിലെത്തുന്നതിന് മുൻപായി തങ്ങളുടെ വിമാനങ്ങൾ പുറപ്പെടുന്ന ടെർമിനൽ ഏതാണെന്ന് ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

1.2 ബില്യൺ ഡോളറിൽ പണിതീർത്ത കോൺകോർസ് D-യെ ടെർമിനൽ 1-ന്നുമായി ഒരു എയർപോർട്ട് ട്രെയിൻ ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പ്രതിവർഷം ഏതാണ്ട് 18 ദശലക്ഷം യാത്രികർക്കാണ് ഈ രണ്ട് സംവിധാനങ്ങളിൽ നിന്നും സംയുക്തമായി സേവനങ്ങൾ നൽകുന്നത്.

WAM