ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

UAE

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിച്ചു. COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 25 മുതൽ അടച്ചിട്ടിരുന്ന ടെർമിനൽ 1-ലെ പ്രവർത്തനങ്ങൾ ജൂൺ 24-ന് രാവിലെയാണ് പുനരാരംഭിച്ചത്.

https://twitter.com/DXB/status/1407948813101375488

ഇതോടൊപ്പം കോൺകോർസ് D-യുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ റിയാദിൽ നിന്നുള്ള ഫ്ലൈനാസ് XY201 യാത്രാവിമാനത്തിനാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെർമിനൽ ഒന്നിൽ നിന്ന് സേവനങ്ങൾ നൽകിയത്.

“യു എ ഇയിൽ നിന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ക്വാറന്റീൻരഹിത യാത്രാപാതകൾ തുറക്കുന്നതിനും, അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിനുമായുള്ള ആഗോള പ്രചാരണപരിപാടികളുടെ മുൻനിരയിൽ ദുബായ് വിമാനത്താവളം എന്നും ഉണ്ടെന്ന് ഈ നീക്കം ഉറപ്പ്‌വരുത്തുന്നു.”, ടെർമിനൽ 1 വീണ്ടും തുറക്കുന്നതിനെ സ്വാഗതം ചെയ്ത് കൊണ്ട് ദുബായ് വിമാനത്താവളങ്ങളുടെ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം നേരത്തെ അറിയിച്ചിരുന്നു.

വിദേശ വിമാനക്കമ്പനികളുടെ സർവീസുകളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്ന് നൽകുന്നത്. ടെർമിനൽ 1, കോൺകോർസ് ഡി എന്നിവ തുറന്ന് പ്രവർത്തിക്കുന്നതോടെ, നിലവിൽ ടെർമിനൽ 2, 3 എന്നിവയിൽ നിന്ന് പ്രവർത്തിക്കുന്ന നാല്പതിലധികം അന്താരാഷ്ട്ര വ്യോമയാന സേവനദാതാക്കൾക്ക് തങ്ങളുടെ സേവനങ്ങൾ എയർപോർട്ടിലെ അവരവരുടെ ഹോം ടെർമിനലുകളിൽ നിന്ന് നൽകുന്നതിന് സാധ്യമാകുന്നതാണ്.

1.2 ബില്യൺ ഡോളറിൽ പണിതീർത്ത കോൺകോർസ് D-യെ ടെർമിനൽ 1-ന്നുമായി ഒരു എയർപോർട്ട് ട്രെയിൻ ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പ്രതിവർഷം ഏതാണ്ട് 18 ദശലക്ഷം യാത്രികർക്കാണ് ഈ രണ്ട് സംവിധാനങ്ങളിൽ നിന്നും സംയുക്തമായി സേവനങ്ങൾ നൽകുന്നത്.

WAM