2021 ജൂലൈ 9 മുതൽ ധോഫർ, മുസന്ദം എന്നീ ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 6-ന് രാത്രി ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ജൂലൈ 9 മുതൽ ധോഫർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാർ, പ്രവാസികൾ എന്നിവർ ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ ഒരു ഡോസെങ്കിലും നിർബന്ധമായും എടുത്തിരിക്കേണ്ടതാണ്. വിദേശികളായ സന്ദർശകർക്ക് രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് നിർബന്ധനമാണ്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഈ തീരുമാനം ബാധകമാകുന്നതാണ്. മൺസൂൺ മഴക്കാലം (ഖരീഫ്) ആരംഭിക്കുന്നതോടെ ധോഫർ ഗവർണറേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം. ഇതിന് പുറമെ, ധോഫർ ഗവർണറേറ്റിലെ ഹോട്ടലുകളിലെ സന്ദർശകരുടെ എണ്ണം 50 ശതമാനമാക്കി നിയന്ത്രിക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
മുസന്ദം ഗവർണറേറ്റിലേക്കുള്ള പ്രവേശനവും ജൂലൈ 9 മുതൽ സമാനമായ രീതിയിൽ നിയന്ത്രിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 9 മുതൽ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ ഒരു ഡോസ് കുത്തിവെപ്പെടുത്ത 18 വയസ്സിന് മുകളിൽ പ്രായമുള്ള പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് മാത്രമാണ് മുസന്ദം ഗവർണറേറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വിദേശികളായ സഞ്ചാരികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്.
ജൂലൈ 6 മുതൽ മുസന്ദം ഗവർണറേറ്റിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗവർണറേറ്റിലെ രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.
രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാനും, ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താനും ഇതേ യോഗത്തിൽ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.