ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരെ 2021 ജൂലൈ 17, 18 തീയതികളിൽ നാല് കേന്ദ്രങ്ങളിലായി സ്വീകരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നാല് കേന്ദ്രങ്ങളിലായി സ്വീകരിക്കുന്ന തീർത്ഥാടകരെ, ബസുകളിൽ ഗ്രാൻഡ് മോസ്കിലേക്കും, തുടർന്ന് മറ്റു പുണ്യസ്ഥാനങ്ങളിലേക്കും ആനയിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ജൂലൈ 9-ന് അറിയിച്ചിരുന്നു.
പൂർണമായും ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയായിരുന്നു ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ. 150 രാജ്യങ്ങളിൽ നിന്നുള്ള 60000 ആഭ്യന്തര തീർത്ഥാടകരെ ഇപ്രകാരം തിരഞ്ഞെടുത്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഇവർക്ക് ഹജ്ജ് പെർമിറ്റുകൾ അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് പെർമിറ്റുകൾ ലഭിച്ചവർ രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്ന നടപടികൾ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ജൂലൈ 5 മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 5 മുതൽ ഹജ്ജ് തീർത്ഥാടനം അവസാനിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.