ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതിനായി പുതിയ പാലം നിർമ്മിക്കുന്നു

featured GCC News

ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതിനായി ഒരു പുതിയ പാലം നിർമ്മിക്കുന്നതിന് തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഫെബ്രുവരി 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇരുവശത്തേക്കും രണ്ട് വരികൾ വീതമുള്ള ഈ പാലം ദുബായ് ഹാർബർ പ്രദേശത്തേക്കുള്ള പ്രധാന എൻട്രി-എക്സിറ്റ് പോയിന്റായി പ്രവർത്തിക്കുന്നതാണ്. ഇരുവശത്തേക്കും 1500 മീറ്റർ നീളത്തിലാണ് ഈ പാലം നിർമ്മിക്കുന്നത്.

ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മേഖലയിലേക്ക് സഞ്ചരിക്കുന്നതിന് നിലവിൽ വേണ്ടി വരുന്ന 12 മിനിറ്റ് എന്ന യാത്രാ സമയം കേവലം 3 മിനിറ്റായി ചുരുങ്ങുന്നതാണ്. ഇരുവശത്തേക്കും മണിക്കൂറിൽ 6000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാനാകുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്.

ഷെയ്ഖ് സായിദ് റോഡിൽ അമേരിക്കൻ യൂണിവേഴ്സിറ്റി ദുബായ്ക്ക് സമീപമുള്ള ഫിഫ്ത് ഇന്റർസെക്ഷനിൽ നിന്ന് ദുബായ് ഹാർബർ പ്രദേശത്തേക്ക് ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നതെന്ന് RTA ചെയർമാൻ മതർ അൽ തയർ വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതി അൽ നസീം സ്ട്രീറ്റ്, അൽ ഫലഖ് സ്ട്രീറ്റ് എന്നിവ തമ്മിലുള്ള ഇന്റർസെക്ഷനിലൂടെ കടന്ന് പോകുമെന്നും, കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് സ്ട്രീറ്റ് ഇന്റർസെക്ഷൻ മുറിച്ച് കടക്കുന്ന രീതിയിലാണ് ഈ പാലം ദുബായ് ഹർബറിലേക്ക് ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.