യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ സംബന്ധിച്ച് എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ അറിയിപ്പ് പുറത്തിറക്കി

GCC News

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള, NCEMA മാനദണ്ഡങ്ങൾ പ്രകാരം സാധുതയുള്ള റെസിഡൻസി വിസക്കാർക്കായി യാത്രാസേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ഇത്തിഹാദ് അറിയിച്ചു. യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും, വാക്സിനെടുക്കാത്ത ഏതാനം വിഭാഗം പ്രവാസികൾക്കും 2021 ഓഗസ്റ്റ് 5 മുതൽ പ്രത്യേക മാനദണ്ഡങ്ങളോടെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് തിരികെയെത്താൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3-ന് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഇത്തിഹാദ് ഈ അറിയിപ്പ് നൽകിയത്.

“നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള സാധാരണ യാത്രാ വിമാനങ്ങൾക്കുള്ള വിലക്കുകൾ ഓഗസ്റ്റ് 15 വരെ തുടരുന്നതാണ്. എന്നാൽ, ഓഗസ്റ്റ് 5 മുതൽ അര്‍ഹതയുള്ള യാത്രികർക്കായി ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”, ഇന്ത്യയിലേക്കുള്ള യാത്രാ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടിയായി ഓഗസ്റ്റ് 4, ബുധനാഴ്ച്ച രാവിലെ ഇത്തിഹാദ് കസ്റ്റമർ സർവീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

https://www.etihad.com/en/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പ്രകാരം, അര്‍ഹതയുള്ള യാത്രികർക്ക് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക മുതലായ രാജ്യങ്ങളിൽ നിന്ന് യു എ യിലേക്ക് എത്രയും പെട്ടന്ന് യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള നടപടികൾ കൈക്കൊണ്ട് വരികയാണെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 5 മുതൽ അർഹതയുള്ള യാത്രികർക്ക് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രാ സേവനങ്ങൾ നൽകുമെന്ന് എമിറേറ്റ്സ്:

2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് യാത്രാനുമതി നൽകിയിട്ടുള്ള വിഭാഗം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകുമെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.

“2021 ഓഗസ്റ്റ് 5 മുതൽ, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യാൻ അർഹതയുള്ള വിഭാഗം യാത്രികർക്ക് ഞങ്ങൾ യാത്രാ സേവനങ്ങൾ നൽകുന്നതാണ്. യു എ ഇയിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കാൻ അർഹതയുള്ളവർക്കും യാത്രാ സേവനങ്ങൾ നൽകുന്നതാണ്. ഇത്തരം വിഭാഗങ്ങളുടെ യാത്രാ മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച്, അവ ലഭ്യമാകുന്ന ഉടനെ, ഞങ്ങളുടെ യാത്രാ നിബന്ധനകൾ പ്രസിദ്ധീകരിക്കുന്ന വെബ്‌പേജിലൂടെ പ്രത്യേക അറിയിപ്പ് നൽകുന്നതാണ്.”, ഇന്ത്യയിലേക്കുള്ള യാത്രാ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടിയായി ഓഗസ്റ്റ് 4, ബുധനാഴ്ച്ച രാവിലെ എമിറേറ്റ്സ് കസ്റ്റമർ സർവീസ് ട്വിറ്ററിലൂടെ അറിയിച്ചു.

https://www.emirates.com/ae/english/help/travel-updates/#4466 എന്ന വിലാസത്തിൽ 2021 ഓഗസ്റ്റ് 3-ന് വൈകീട്ട് നൽകിയിട്ടുള്ള എമിറേറ്റ്സ് യാത്രാ നിബന്ധനകൾ പ്രകാരം, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് അർഹതയുള്ള വിഭാഗം യാത്രികർക്ക് 2021 ഓഗസ്റ്റ് 5 മുതൽ യു എ ഇയിലേക്ക് യാത്രാനുമതി നൽകിയിട്ടുണ്ട്.

യു എ ഇ: ഓഗസ്റ്റ് 5 മുതൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളോടെ പ്രവേശനം അനുവദിക്കും

ഓഗസ്റ്റ് 5 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരും, യു എ ഇയിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായവരുമായവർക്കും, വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഏതാനം വിഭാഗം സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച വൈകീട്ട് അറിയിച്ചിരുന്നു.

ഇത്തരം യാത്രികർ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയായിരിക്കണം. ഈ വിഭാഗങ്ങളിൽപ്പെടുന്നവരെല്ലാം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വെബ്സൈറ്റിലൂടെ പ്രവേശനാനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്.

യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും, വാക്സിനെടുക്കാത്ത ഏതാനം വിഭാഗം പ്രവാസികൾക്കും 2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് തിരികെയെത്താൻ അനുവദിച്ച പ്രവേശന ഇളവുകളെ അബുദാബിയിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തിട്ടുണ്ട്.